ഗുരുവായൂർ ദേവസ്വത്തിന്റെ ചെമ്പൈ പുരസ്‌കാരം പാലാ സി കെ രാമചന്ദ്രന്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിന്റെ 2018 ലെ ചെമ്പൈ പുരസ്‌കാരത്തിന് പാലാ സി കെ രാമചന്ദ്രൻ അർഹനായി .50,000 രൂപയും സ്വർണപ്പതക്കവും ,പ്രശസ്തി പത്രവും അടങ്ങുന്നതാണ് ചെമ്പൈ പുരസ്‌കാരം .നവംബർ 4 ന് വൈകീട്ട് 6.30ന് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഉൽഘാടനത്തോടനുബന്ധിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും . കോട്ടയം ജില്ലയിലെ പാലാ മീനച്ചിൽ താലൂക്കിലെ ഇടമറ്റം ഗ്രാമത്തിൽ അധ്യാപകനായിരുന്ന കല്ലേട്ട് ജി കൃഷ്ണ പിള്ള -കാർത്യായനി ദമ്പതികളുടെ മകനായി 1943 ൽ ഒക്ടോബർ 7 ന് ജനിച്ചു ഗാനഭൂഷണം കുമരകം എം എസ് ഭാസ്കര മേനോനിൽ നിന്ന് എട്ടാം വയസിൽ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു പതിനാലാം വയസിൽ അരങ്ങേറ്റം നടത്തി .
ശ്രീ സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം പാസായി . ഗാനപ്രവീണ പൂർത്തിയാക്കുന്നതിന് മുൻപ് അവിടെ താൽക്കാലിക അധ്യാപകനായി നിയമനം ലഭിച്ചു . പിന്നീട് ശെമ്മാകുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായി 40 വർഷത്തോളം അദ്ദേഹത്തിൻറെ കൂടെ സംഗീത സപര്യ നടത്തുകയുംചെയ്തു .ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും , അമേരിക്ക ഇംഗ്ളണ്ട് ,കാനഡ ,ദക്ഷിണാഫ്രിക്ക ,ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും സംഗീത പരിപാടികൾ നടത്തിയിട്ടുണ്ട് . 29 വർഷത്തോളം ആകാശ വാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റ് ആയിരുന്നു .മദ്രാസ് മ്യുസിക് അക്കാദമിയുടെ ടി വി സുബ്ബറാവു അവാർഡ് (1982 )എസ് രാമസ്വാമി അവാർഡ് (1983 ) എം ഡി രാമനാഥൻ അവാർഡ് (1984 )ഒളപ്പമണ്ണ ട്രസ്റ്റ് ദേവി പ്രസാദം അവാർഡ് (1995 )കേരള സംഗീത നാടക അക്കാദമി അവാർഡ് (1996 ) കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്( 2009), മഹാരാജ പുരം സന്താനം അവാർഡ് (2000 ) കാലിഫോർണിയ മാലിബു ഹിന്ദു ടെമ്പിൾ ആസ്ഥാന വിദ്വാൻ പദവി (2002 ) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് .ഭാര്യ ജയശ്രീ -ഗ്രാഫിക്സ് ,പോസ്റ്റർ മേക്കിങ് ആർട്ടിസ്റ്റായ ജയറാം ,സിനിമാ സീരിയൽ നടനായ ശ്രീറാം എന്നിവർ മക്കളാണ്