ചരിത്രത്തിലേക്ക് , ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പി.വി. സിന്ധുവിന് സ്വർണം
ബാസൽ (സ്വിറ്റ്സർലൻഡ്)∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു സ്വർണം കരസ്ഥമാക്കി ചരിത്രം കുറിച്ചു . ലോകറാങ്കിങ്ങിൽ തന്നേക്കാൾ ഒരുപടി മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു ഗെയിമുകൾക്കു വീഴ്ത്തിയാണ് സിന്ധുവിന്റെ സുവർണനേട്ടം. ലോക അഞ്ചാം നമ്പർ താരമായ സിന്ധു, നാലാം നമ്പർ താരമായ ഒകുഹാരയെ 30 മിനിറ്റിനുള്ളിൽത്തന്നെ ചുരുട്ടിക്കെട്ടി. ലോക ചാംപ്യൻഷിപ്പ് പോലൊരു വേദിയിലെ കലാശപ്പോരിൽ തീർത്തും അവിശ്വസനീയ രീതിയിലാണ് എതിരാളിക്കു മേൽ സിന്ധു മേധാവിത്തം പുലർത്തിയത്. സ്കോർ: 21–7, 21–7. ഇതോടെ കഴിഞ്ഞ രണ്ടു തവണയും ഫൈനലിലേറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി സിന്ധുവിന് ഈ ജയം. 2017ൽ ഇതേ എതിരാളിക്കെതിരെയാണ് സിന്ധു ആദ്യമായി ഫൈനലിൽ തോൽവി രുചിച്ചത്.
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്. സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലും. ഇതിൽ രണ്ടെണ്ണം വെള്ളിയും രണ്ടെണ്ണം വെങ്കലവുമാണ്. വനിതാ വിഭാഗത്തിൽ സൈന നെഹ്‌വാളും ഇന്ത്യയ്ക്കായി വെള്ളി നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണ ഗ്ലാസ്ഗോയിലും നാൻജിങ്ങിലുമായി കലാശപ്പോരിൽ കൈവിട്ട സുവർണനേട്ടമാണ് ഇക്കുറി സ്വിറ്റ്സർലൻഡിലെ ബാസലിൽ സിന്ധു പിടിച്ചുവാങ്ങിയത്. ഈ വിജയമാകട്ടെ, തികച്ചും രാജകീയവുമായി.
നേരത്തെ, തീർത്തും ഏകപക്ഷീയമായി മാറിയ സെമി പോരാട്ടത്തിൽ ചൈനീസ് താരം ചെൻ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളിൽ തകർത്താണ് സിന്ധു തുടർച്ചയായ മൂന്നാം വർഷവും ഫൈനലിൽ ഇടംപിടിച്ചത്. സ്കോർ: 21-7, 21-14. സെമി പോരാട്ടം വെറും 40 മിനിറ്റു മാത്രമാണ് നീണ്ടത്. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ചെൻ യു ഫെയ്