പൊന്നാനിയിൽ തോറ്റാൽ എം എൽ എ സ്ഥാനം രാജി വെക്കും , പി വി അൻവർ

">

പൊന്നാനി: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടാൽ നിലമ്പൂരിലെ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അൻവർ. വെറുതെ ഒരാവേശത്തിനല്ല ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തവനൂർ മണ്ഡലത്തിൽ വ്യാഴാഴ്ച രാവിലെ മന്ത്രി കെ.ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു പി വി അൻവർ .

മൂന്ന് വർഷമായി നിലമ്പൂർ എം.എൽ.എയായി പ്രവർത്തിക്കുന്നു. വികസന പ്രവർത്തനങ്ങൾ എന്താണെന്ന് തെളിയിച്ചതിന് ശേഷമാണ് പൊന്നാനി മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി വോട്ടു ചോദിക്കുന്നത്. വോട്ടർമാർക്ക് മുന്നിൽ ചൂണ്ടിക്കാണിക്കാൻ നിലമ്പൂരിലെ വികസനമുണ്ട്. ഹൃദയം കൊണ്ടാണ് വോട്ടു ചോദിക്കുന്നത്. എന്നിട്ടും വോട്ടർമാർക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ ഇത് അവസാനിപ്പിക്കുകയാണ് നല്ലത്. കുട്ടികളെയും കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ബാക്കി കാലം ജീവിക്കാമല്ലോ എന്നും അൻവർ പറഞ്ഞു.

പൊന്നാനിയിൽ തോറ്റാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയിൽ നേരത്തേ അൻവർ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് രാജിവെക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്. ഇതോടെ അൻവർ ജയിച്ചാലും തോറ്റാലും നിലമ്പൂരിൽ ഉപ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി .

Leave a Reply

Your email address will not be published. Required fields are marked *

Sponsors