Header 1 = sarovaram
Above Pot

പി സരിൻ പാലക്കാട് ഇടതു മുന്നണി സ്ഥാനാർഥിയാകും

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനോട് സഹകരിക്കാൻ തീരുമാനിച്ച ഡോ. പി സരിനെ അവഗണിക്കാൻ കോൺഗ്രസ് നേതൃത്വം. സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് കോൺഗ്രസ് നേതൃതലത്തിൽ ധാരണ. സരിൻ പുറത്തു പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. സരിന് രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുമാണ് കെപിസിസി നേതൃത്വം കണക്കാക്കുന്നത്. പാലക്കാട് ഇടത് സ്ഥാനാർഥിയായാണ് സരിൻ മത്സര രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് സരിൻ പരസ്യ പ്രതികരണം നടത്തിയത്. ഇത് മുതലെടുത്തു കൊണ്ടായിരുന്നു സിപിഎം നീക്കം.

എഐസിസിയെ ചോദ്യം ചെയ്തിട്ടും ഇതുവരെ കാരണം കാണിക്കൽ നോട്ടീസ് പോലും സരിന് കോൺ​ഗ്രസ് നേതൃത്വം നൽകിയിരുന്നില്ല. സരിൻ്റെ നീക്കങ്ങൾ ആസൂത്രിതമാണെന്നും ഒരു മാസത്തിലേറെയായി സരിൻ സിപിഎം നേതൃത്വവുമായി ചർച്ചയിലായിരുന്നുവെന്നുമാണ് കോൺഗ്രസ് അനുമാനിക്കുന്നത്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടാൽ പാർട്ടിക്കെതിരെ നിലപാട് എടുക്കുമെന്ന് മുതിർന്ന നേതാക്കളിൽ ചിലർക്ക് സരിൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സരിനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ച ശേഷം പ്രധാന നേതാക്കൾ സരിനോട് സംസാരിച്ചെങ്കിലും സരിൻ വഴങ്ങിയില്ല.

Astrologer

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം മൂളിയിരിക്കുകയാണ് നിലവിലെ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്. സരിൻ സിപിഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ മത്സരമായിരിക്കും കാഴ്ച്ച വെക്കുക. രാഹുൽ മാങ്കൂട്ടത്തിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായതോടെയാണ് സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. സരിനെ സിപിഎമ്മിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തെ തള്ളാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണമുണ്ടായത്.

പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പി സരിനെ പിന്തുണക്കാൻ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രം​ഗത്തെത്തിയത്. പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിൻ്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ച സിപിഎം നിലവിൽ പോസിറ്റീവായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.

Vadasheri Footer