ഗുരുവായൂര്‍ ഔട്ടര്‍ റിംഗ് റോഡിന്‍റെ നിര്‍മ്മാണം നാളെ മുതല്‍
ചാവക്കാട് : ഗുരുവായൂര്‍ ഔട്ടര്‍ റിംഗ് റോഡിന്‍റെ നിര്‍മ്മാണം നാളെ മുതല്‍ ആരംഭിക്കുന്നതിന് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ അവലോകന യോഗം തീരുമാനിച്ചു. മാര്‍ച്ച് 15 നുള്ളില്‍ മാവിന്‍ചുവട് തിരുവെങ്കിടം കോട്ടപ്പടി റോഡ്, ബേബി ബീച്ച് റോഡ്, ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡ്, അഞ്ഞൂര്‍ റോഡ് എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കും.
ചാവക്കാട് ടൌണ്‍ ബ്യൂട്ടിഫിക്കേഷന്‍ പ്രവര്‍ത്തിയും നഗരത്തിലെ റോഡ് ടാറിംഗ് പ്രവര്‍ത്തിയും ഈ മാസം തന്നെ പൂര്‍ത്തീകരിക്കും . ചിങ്ങനാത്ത് കടവ് പാലത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വ്വേ നടത്തി ബൌണ്ടറി സ്റ്റോണ്‍ സ്ഥാപിക്കുന്നതിനും പാലത്തിന്‍റെ ഡിസൈനിംഗ് പ്രവര്‍ത്തിയും ഈ മാസം ആരംഭിക്കും.
അമൃത് പദ്ധതിക്കായി പൈപ്പിടുന്നതിന് കട്ട് ചെയ്യുന്ന മുതുവട്ടൂര്‍ മുതല്‍ കോട്ടപടിവരെയുള്ള റോഡ് ഈ മാസം തന്നെ പൈപ്പിടല്‍ പൂര്‍ത്തീകരിച്ച് റെസ്റ്റോറേഷന്‍ നടത്തും. കൂടാതെ മണ്ഡലത്തിലെ അറ്റകുറ്റപണി നടത്തേണ്ട മുഴുവന്‍ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിരമായി അറ്റകുറ്റപണി നടത്തുന്നതിന് പൊതുമരാമത്ത് മെയിന്‍റനന്‍സ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
. യോഗത്തില്‍ പൊതുമരാമത്ത് എക്സി.എഞ്ചിനീയര്‍ ഹരീഷ് , അസി.എക്സി.എഞ്ചിനീയര്‍ മാലിനി, വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ ജയപ്രകാശ്, അസി.എക്സി എഞ്ചിനീയര്‍ വാസുദേവന്‍, പൊതുമരാമത്ത് അസി.എക്സി.എഞ്ചിനീയര്‍ സിന്ധു, വിവിധ വിഭാഗങ്ങളിലെ പൊതുമരാമത്ത് അസി.എഞ്ചിനീയര്‍മാര്‍, വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
.