Header Aryabhvavan

ഒരു രൂപ പോലും ഇനി കേരളത്തിൽ മുടക്കില്ല: കിറ്റക്സ് എം ഡി സാബു ജേക്കബ്.

Above article- 1

കൊച്ചി: ഒരു രൂപ പോലും ഇനി കേരളത്തിൽ മുടക്കില്ലെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ്. എറണാകുളത്തെ എം എൽ എമാർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ ചർച്ചകൾക്ക് ശേഷം കൊച്ചിയിൽ തിരികെ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Astrologer

രാജകീയ സ്വീകരണമാണ് തെലങ്കാനയിൽ ലഭിച്ചത്. ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപ്പാക്കും. അതിന് ശേഷമായിരിക്കും കൂടുതൽ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും രണ്ട് പാർക്കുകളാണ് തെലങ്കാനയിൽ കണ്ടത്. ഒന്ന് ടെക്സറ്റൈയിൽസിന് വേണ്ടി വാറങ്കലും മറ്റേത് ജനറൽപാർക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചർച്ച ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചർച്ചക്ക് ശേഷമാണ് ഇന്ന് തെലങ്കാനയിൽ നിന്ന് തിരിച്ചുവരുന്നത്.

താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എൽ എയോടാണ്. കൂടാതെ എറണാകുളം ജില്ലയിൽ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് എം എൽ എമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂർ എം എൽ എ, മൂവാറ്റുപുഴ എം എൽ എ, തൃക്കാക്കര എം എൽ എ, എറണാകുളം എം എൽ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എൽ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ വിമർശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

ഒരു ദിവസത്തെ ചർച്ചക്ക് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയിത്. എന്നാൽ ചർച്ചക്ക് ശേഷം അവിടുത്തെ വ്യവസായ പാർക്കുകൾ സന്ദർശിക്കുമ്പോൾ ഒട്ടനവധി സാധ്യതകൾ ഒരു വ്യവസായിക്ക് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഹെലികോപ്ടറിൽ ഇൻഫ്രാസ്ട്രക്ടചർ മനസിലാക്കാനും സാധിച്ചു. തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. ഞാൻ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയ വേദിയിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ കർണാടക മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ താന്‍ നിക്ഷേപിക്കുന്നതുകൊണ്ട് കേരളത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. ആരുമായിട്ടും ചര്‍ച്ച ചെയ്യുന്നതിന് ഞാന്‍ തയാറാണ്. 61 ലക്ഷം ചെറുപ്പക്കാര്‍ ജോലി തേടി കേരളം വിട്ടു പോയിട്ടുണ്ട്. ബിരുദാനന്തരബിരുദമുള്ള 75 ലക്ഷം യുവാക്കള്‍ ഇന്നും കേരളത്തിലുണ്ട്. കഴിഞ്ഞ 57 വര്‍ഷമായി 15,000 ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നത്. അതിന് വേണ്ടിയാണ് ഇത്രയധികം സൗകര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഒരുക്കി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ആട്ടും തുപ്പും തൊഴിയും എല്ലാം സഹിച്ച് ഇവിടെ പിടിച്ചുനിന്നത്.

ഭരണപക്ഷത്തുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ അതിനെതിരേ യുദ്ധം ചെയ്യാം. പക്ഷേ നമ്മുടെ ജീവിതം എന്തിനാണ് അതിന് വേണ്ടി മാറ്റിവെക്കുന്നത്. കേരളത്തിലോ തെലങ്കാനയിലോ മാത്രമല്ല ഇന്ത്യയില്‍ എവിടെയാണെങ്കിലും കേരളീയര്‍ക്ക് ജോലി ഉറപ്പാക്കിയിരിക്കും. കേരളത്തില്‍ ഇനിയും വ്യവസായം നടത്തിക്കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു

Vadasheri Footer