ചികിത്സ ക്ലയിം നിഷേധിച്ച ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി
തൃശൂർ : ഹൃദയചികിത്സ, നിലവിലുള്ള അസുഖമെന്ന വാദം തള്ളി, ദമ്പതികൾക്ക് 1,67,179 രൂപയും നഷ്ടം 50,000 രൂപയും ചിലവിലേക്ക് 10,000 രൂപയും പലിശയും നൽകുവാൻ വിധി. നിലവിലുള്ള അസുഖമെന്ന് കാണിച്ച് ക്ളെയിമുകൾ നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ ദമ്പതികൾക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോളിലുള്ള ആലപ്പാട്ട് വീട്ടിൽ ജോബി.ഏ.ഡി, ഭാര്യ നിഷാ ജോബി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം കടവന്ത്രയിലുള്ള ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു് .
ജോബി ഇൻഷുറൻസ് പരിധിയിൽ ഹൃദയസംബന്ധമായ ചികിത്സക്ക് വിധേയനാവുകയുണ്ടായി. തൃശൂരിലെ ദയ ആശുപത്രിയിലും അമല ആശുപത്രിയിലും ആണ് ചികിത്സകൾ നടത്തിയത്. എന്നാൽ ക്ളെയിമുകൾ നിഷേധിക്കുകയായിരുന്നു. നിലവിലുള്ള അസുഖമെന്ന് പറഞ്ഞാണ് ക്ളെയിമുകൾ നിഷേധിച്ചത്.എന്നാൽ ജോബിക്ക് നടത്തിയ ചികിത്സ നിലവിലുള്ള അസുഖത്തിനാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് തെളിയിക്കുവാൻ കഴിഞ്ഞില്ല. ഇത് സംബന്ധമായി ഹാജരാക്കിയ രേഖകൾ എതൃകക്ഷിക്ക് സാധൂകരിക്കുവാൻ കഴിഞ്ഞില്ല.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് 167179 രൂപയും ക്ളെയിം തിയ്യതി മുതൽ 10% പലിശയും നഷ്ടപരിഹാരമായി 50000 രൂപയും ഹർജി തിയ്യതി മുതൽ 10% പലിശയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.