ഓണം ബമ്പർ 12 കോടിയുടെ അവകാശി തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ
കൊച്ചി: സസ്പെൻസുകൾ അവസാനിച്ചു. തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത് എന്ന് ഏറ്റവും ഒടുവിലായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.
തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്ന് തന്നെയാണ് മരട് സ്വദേശിയായ ജയപാലന്‍ ടിക്കറ്റെടുത്തത്. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വാര്‍ത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്.
ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റിക്കൊണ്ട് ബാങ്ക് നല്‍കിയ രസീതും ജയപാലന്‍ മാധ്യമങ്ങളെ കാണിച്ചു. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലൻ പറയുന്നു.
നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം.