‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്’ : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാർ കേസ് സിബിഐ ക്ക് വിട്ടത് സിപിഎമ്മും ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതണ്ട. ഈ പരിപ്പ് കേരളത്തിൽ വേകില്ല. ഒരു അന്വേഷണത്തെയും പേടിയില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി കേസിനെ നേരിടുമെന്നും ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സോളാർ കേസ് കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണെങ്കിൽ തീരുമാനം തെറ്റി പോയി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. ജനങ്ങൾ വിഡ്ഡികളാണെന്ന് എൽഡിഎഫ് കരുതണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

‘ജനങ്ങൾക്ക് എല്ലാം അറിയാം. സിബിഐയോട് ഇതുവരെ ഇല്ലാത്ത പ്രേമം ഇപ്പോൾ എവിടെ നിന്ന് വന്നു. ഏതെല്ലാം കേസിൽ സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്? ഇരകൾ നേരിട്ട് അന്വേഷണം ആവശ്യപ്പെട്ട കേസുകളിലും ഇരകളുടെ കുടുംബങ്ങളും ആവശ്യപ്പെട്ടിട്ടും അതൊന്നു സിബിഐയ്ക്ക് വിട്ടിട്ടില്ല. പെരിയകേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയവാണ് അപ്പോൾ തെളിവൊന്നും ഇല്ലാത്ത ഈ കേസ് സിബിഐക്ക് വിടുന്നത്’. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ പ്രമുഖർ പ്രതിസ്ഥാനത്തായ സോളാർ കേസിൽ സിബിഐ അന്വേഷണത്തിന് വിട്ടത് ഡയറക്ടർ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശ പ്രകാരം. നിയമവകുപ്പും സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. എന്നാൽ പൊലിസ് മേധാവിയുടെ റിപ്പോർട്ട് സർക്കാർ തേടിയില്ല. ഇന്നലെ ഈ കേസുകൾ സിബിഐക്ക് വിട്ട തീരുമാനം വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

സോളാർ തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നൽകിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നി‌ർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇറക്കി. വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാൻ സാധ്യതയുള്ള നീക്കം.

കേസിൽ നാലര വർഷം പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്നും ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി സിബിഐക്ക് വിടുകയാണെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ പ്രതിപക്ഷത്തിനെതിരെ സോളാർ കേസ് ഉയർത്തുന്നത് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും അടക്കം കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നെന്ന് ആരോപണമുയർത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സോളാർ മുൻനിർത്തി ആരോപണം കടുപ്പിച്ചാൽ തിരികെ എന്താകും എൽഡിഎഫിന്‍റെ പ്രതിരോധം എന്നതാണ് ഇനി കണ്ടറിയേണ്ടത്.