സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി
>തിരുവനന്തപുരം:. സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വിധി പ്രഖ്യാപിക്കവേ വ്യക്തമാക്കി. ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ടതിന് പിന്നാലെ കുടുംബത്തിന്‍റെ പ്രതികരണം.
പയസ് ടെൻത്ത് കോണ്‍വെന്‍റിലെ സിസ്റ്റർ അഭയയുടെ ദുരൂഹമരണ കേസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 1992 മാർച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമായിരുന്നു തുടക്കം മുതലുണ്ടായത്. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ തിരുത്തൽ വരുത്തി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിയിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു.
സ്വാധീനങ്ങള്‍ക്കുമുന്നിൽ പൊലീസ് മുട്ടുകുത്തിയപ്പോള്‍ തോമസ് ഐക്കരകുന്നേലെന്ന കർഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാൾക്കാർ പിന്തുണയുമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ പണത്തിനും സ്വാധീനത്തിനും മേൽ നീതിയുടെ വെള്ളിവെളിച്ചം കണ്ടു തുടങ്ങി. കേസ് സർക്കാർ സബിഐക്ക് വിട്ടു. രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്. ക്രൈംബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം തുടർന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജൻ കേസ് അട്ടിമറിക്കാൻ സമ്മർദം ചെലുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസിന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി.
ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയ ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ജോമോൻ പുത്തൻ പുരയ്ക്കൽ നൽകിയ ഹർജിയിൽ നിന്നാണ് കോടതി ഇടപെൽ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടേത് കൊലപാതകമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു റിപ്പോർട്ടുകളും കോടതി തള്ളി.
28 വർഷത്തിനിടെ 16 സംഘങ്ങളാണ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോപരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്ത്യനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിന് മുമ്പേ എഎസ്ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു.
കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചു. ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെടി.മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുമ്പേ സാമുവൽ മരിച്ചു. വിടുതൽ ഹർജി പരിഗണിച്ച് ഫാ.ജോസ് പുതൃക്കയിലിനെയും കെടി മൈക്കളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് വിചാരണ ഒഴിവാക്കാൻ പ്രതികളുടെ ശ്രമം. ഒടുവിൽ സുപ്രീംകോടതി നിർദ്ദശ പ്രാകാരം തിരുവനന്തപുരം കോടതിയിൽ വിചാരണ ആരംഭിച്ചു. വീണ്ടും അട്ടിമറി. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ 8 സാക്ഷികള്‍ കൂറുമാറി. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസിൽ വിധി വരുന്നത്.