ചാവക്കാട് നൗഷാദ് വധം , സർക്കാരും എസ് ഡി പി ഐ യും തമ്മിലുള്ള ഒത്തു കളി അവസാനിപ്പിക്കണം : ഗാന്ധിദർശൻ സമിതി
ചാവക്കാട് : ബൂത്ത്കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും ജീവകാരുണ്യ പ്രവർത്തകനുമായ പുന്ന നൗഷാദിന്റെ നിഷ്ഠുര കൊലപാതകത്തിൽ സർക്കാരും എസ്.ഡി.പി.ഐ.യും തമ്മിലുള്ളഒത്തുകളി അവസാനിപ്പിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യാനു ള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കാപാലിക രാഷ്ട്രീയത്തിന്റെ വക്താക്കളായ എസ്.ഡി.പി.ഐ യും ഉന്നത പൊലീസ് നേതൃത്വവുമായുള്ള അന്തർധാര വളരെ ശക്തമാണെന്നതിന്, ഒരു മാസത്തിലേറെയായി സമൂഹമാദ്ധ്യമങ്ങളിലൂടെ കൊലവിളി നടത്തിക്കൊണ്ടിരുന്നിട്ടും അതേക്കുറിച്ചന്വേഷിക്കാൻ തയ്യാറായില്ലെന്നത് തന്നെ ഏറ്റവും വലിയ തെളിവാണെന്ന് യോഗം കുറ്റപ്പെടുത്തി.സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഊഹാപോഹങ്ങൾക്ക് പുറകേ പോയി യഥാർത്ഥ പ്രതികൾക്ക് “സേയ്ഫ് പാസ്സേജ് ” ഒരുക്കകയാണ് പൊലീസ് ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡണ്ട് മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷനായിരുന്നു.
സജീവൻ നടത്തറ, അർച്ചന അശോക്, ടി.എൻ.ജയരാജ് തുടങ്ങിയവർ സംസാരിച്ചു. എ.വി.സതീഷ് കുമാർ സ്വാഗതവും രാജ്കുമാർ സിതാര നന്ദിയും പറഞ്ഞു.