നോട്ടുനിരോധനം: തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു, ഡോ. മന്മോഹന് സിങ്
തിരുവനന്തപുരം: നോട്ടുനിരോധനമുണ്ടാക്കിയ പ്രതിസന്ധി തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും അസംഘടിത മേഖലയെ തകരാറിലാക്കിയെന്ന് ഡോ. മന്മോഹന് സിങ്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് (ആര്.ജി.ഐ.ഡി.എസ്) സംഘടിപ്പിച്ച ‘പ്രതീക്ഷ 2030’ വികസന സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദരിദ്രര്‍ക്ക് നേരിട്ട് ആനുകൂല്യ കൈമാറ്റം ചെയ്യുന്നതിന് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി സഹായകമാകും. ദരിദ്രര്‍ക്ക് പിന്തുണ നല്കുന്ന പദ്ധതികള്‍ നടപ്പാക്കിയാല്‍ സമ്ബദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളമാന്ദ്യവും പകര്‍ച്ചവ്യാധിയും പുറംലോകവുമായുള്ള കേരളത്തിെന്റ ബന്ധം ദുര്‍ബലമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ രീതികളുടെ വര്‍ധിച്ച ഉപയോഗം വിവരസാങ്കേതിക മേഖലയെ മുന്നോട്ട് നയിച്ചേക്കാമെങ്കിലും ടൂറിസം മേഖലയെ വലിയതോതില്‍ ബാധിക്കും.
കേരളത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും പബ്ലിക് ഫണ്ടിങ് താറുമാറാണ്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് അമിത വായ്പയെടുക്കേണ്ടിവരുന്നു. ഇത് ഭാവിയില്‍ സംസ്ഥാന ബജറ്റുകള്‍ക്ക് അമിതഭാരം നല്‍കും. കേരളത്തിലെ ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും പുനര്‍വിചിന്തനവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു.