കടയിൽ പോകുന്നവർക്കുള്ള നിയന്ത്രണങ്ങൾ മദ്യവിൽപ്പന ശാലകളിലും ബാധകമാക്കണം : ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈകോടതി. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചാണ് തിരക്ക് നിയന്ത്രിക്കുന്നതെന്നും ആൾക്കൂട്ടത്തെ അടിച്ചൊതുക്കുകയാണെന്നും ഇത് നേരിട്ട് കണ്ടെന്നും ഹരജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കടകളിലേക്കും ബാങ്കുകളിലേക്കും കയറാൻ സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ എന്തുകൊണ്ട് മദ്യവിൽപ്പന ശാലകളിൽ ബാധകമാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. ആളുകളോട് കന്നുകാലികളെപ്പോലെയാണ് പെരുമാറുന്നത്.
മദ്യം വാങ്ങാൻ വരുന്നവർക്ക് ആർ.ടി.പി.സി.ആർ ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണം. ഇത് വാക്സിൻ എടുക്കാൻ കൂടുതൽ പേരെ പ്രേരിപ്പിക്കും. നിബന്ധനകൾ ബാധകമാക്കുന്നതിൽ ബുധനാഴ്ച തീരുമാനം അറിയിക്കണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.ഹരജി നേരത്തെ കോടതി പരിഗണിച്ചപ്പോഴും ആശങ്ക പ്രകടിപ്പിക്കുകയും സർക്കാറിനെ വിമർശിക്കുകയും ചെയ്തിരുന്നു. മദ്യശാലകളുടെ പ്രവർത്തനത്തിൽ മാർഗനിർദേശം കൊണ്ടുവന്നതായും തിരക്ക് നിയന്ത്രിച്ചതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ സർക്കാർ വിശദീകരണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തിയെങ്കിലും ചൊവ്വാഴ്ച ഹരജി വീണ്ടും പരിഗണിച്ചപ്പോൾ വിമർശനം ഉന്നയിക്കുകയായിരുന്നു.”