റോട്ടറി ഇന്റര്‍നാഷണലിന്റെ സിഎസ്ആര്‍ അവാര്‍ഡ് നിറ്റാ ജെലാറ്റിന്‍ കമ്പനിക്ക്
കൊച്ചി: റോട്ടറി ഇന്റര്‍നാഷണലിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിന് നിറ്റാ ജെലാറ്റിന്‍ ഇന്ത്യ അര്‍ഹമായി. 2018-19 വര്‍ഷം കമ്പനി നടത്തിയ സിഎസ്ആര്‍ സംരംഭങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഹാപ്പി ചാലക്കുടി മെഡിക്കല്‍ ക്യാമ്പ്, ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്കുള്ള സഹായം, കൊരട്ടിയിലെ ലെപ്രസി ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യ വികസനം, സ്‌കൂളുകള്‍ക്ക് കുടിവെള്ള പദ്ധതി, ആല്‍ഫ പാലിയേറ്റിവ് കെയര്‍ യൂണിറ്റിനുള്ള സാമ്പത്തിക സഹായവും വാഹനവും, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മെഡിക്കല്‍ സഹായവും പെന്‍ഷന്‍ പദ്ധതിയും ഉള്‍പ്പെടെ കമ്പനി ഏറ്റെടുത്ത് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചാണ് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്ത് കമ്പനി നടത്തിയിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജ്യൂറി പ്രത്യേകം അഭിനന്ദിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഇന്റര്‍നാഷണല്‍ ട്രസ്റ്റി ചെയര്‍ ഗാരി ഹുവാങ്ങില്‍ നിന്നും നിറ്റാ ജലാറ്റിന്‍ ഇന്ത്യ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എം.എ. സേവിയര്‍, ജനറല്‍ വര്‍ക്‌സ് മാനേജര്‍ പോളി സെബാസ്റ്റിയന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കമ്പനി പ്രവര്‍ത്തിക്കുന്ന പ്രദേശത്തടോ അടുത്ത് കിടക്കുന്ന സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം എം.എ. സേവിയര്‍ പറഞ്ഞു. നിറ്റാ ജലാറ്റിന്‍ ഇന്ത്യയുടെ ഫാക്ടറി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ വിശദമായ പഠനം നടത്തുകയും അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമാണ് ആരോഗ്യപരിപാലനം, വൃദ്ധജന ക്ഷേമം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, നൈപുണ്യ വികസനം, ജലവിതരണം, ശുചീകരണം, വൈദ്യുതീകരണം തുടങ്ങിയ രംഗങ്ങളില്‍ കമ്പനി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.