കോഴിക്കോട് നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണു ,രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു
കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണു. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായത്. രാവിലെ 9 മണിയോടെയാണ് സംഭവം.
2019 മാർച്ചിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമാണം പ്രളയകാലത്ത് പൂർണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടർന്നാണ് നിർമാണം നിലച്ചത്. പിന്നീട് ഡിസൈനിംഗ് വിഭാഗം പരിശോധനകൾ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താൻ നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിർമാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയർത്തുകയായിരുന്നു. ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചിരുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ യുഡിഎഫ് കൂട്ടത്തോടെ ഫേസ്‌ബുക്കില്‍ പാലത്തിന്റെ ചിത്രം ഷെയര്‍ ചെയ്തു ട്രോളുമായി രംഗത്തുവന്നു.
”അരിപ്പൊടി കൊണ്ട് പണിത സ്‌കൂള്‍, ഗോതമ്ബ് പൊടി കൊണ്ട് പണിത പാലം… വൈറലായി കൂളിമാട് റിയാസ്..നല്ല ‘ഉറപ്പാണ്’ എല്‍ഡിഎഫ്!’ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്‌ബുക്കില്‍ കുറിച്ചത് ഇതിനിടെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.
കെആര്‍എഫ്ബി പ്രൊജക്‌ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്ക് പെട്ടന്നുണ്ടായ തകരാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ് നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചു. ഉടന്‍ തന്നെ ഗര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഊരാളുങ്കല്‍ അറിയിച്ചു