നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കോഴിക്കോട് ചാത്തമംഗലം ചൂലൂർ സ്വദേശിയായ പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് സംസ്കരിച്ചത്. 12 മണിയോടെ എത്തിച്ച മൃതദേഹം പ്രോട്ടോകോൾ പാലിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരുടെയും കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരുടെയും മേൽനോട്ടത്തിലാണ് സംസ്കരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് കുട്ടി മരിച്ചത്. കുട്ടിക്ക് നിപ സ്ഥിരീകരിച്ചുകൊണ്ടു ഇന്നലെ രാത്രി വൈകിയാണ് പൂണെ നാഷണൽ ഇന്സ്ടിട്യൂട്ട് ഓഫ് വൈറോളജിയിൽനിന്നു ആരോഗ്യവകുപ്പിന് വിവരം ലഭിച്ചത്. പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളുകളും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരന്റെ കുടുംബത്തിലെയും പ്രദേശത്തെയും മറ്റു മരണങ്ങൾ അടക്കം ആരോഗ്യവകുപ്പ് പരിശോധിക്കും
ചികില്‍സയ്ക്കാവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ട്. ഏഴു ദിവസത്തിനുള്ളിൽ ഓസ്ട്രേലിയയിൽനിന്നു കൂടുതൽ മരുന്ന് എത്തിക്കുമെന്ന് ഐസിഎംആർ ഉറപ്പു നൽകിയിട്ടുണ്ട്. നിരീക്ഷണ പട്ടികയിൽ ഉള്ളവവരുടെ സ്രവസാംപിൾ പരിശോധന വേഗത്തിൽ പൂർത്തിയാക്കാനായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രാഥമിക പരിശോധന കേന്ദ്രം ഒരുക്കുന്നുണ്ട്.
കുട്ടിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 188 പേരിൽ 136 പേർ ആരോഗ്യ പ്രവർത്തകരാണ്. 100 പേർ മെഡിക്കൽ കോളജിലും 36 പേർ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരെ ചികിത്സയ്ക്കായി മാറ്റി. കുട്ടിയുടെ വീട് ഉൾപ്പെടുന്ന സ്ഥലം മുതലുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി
2018ൽ പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് കോഴിക്കോടിന് പുറത്ത് മലപ്പുറം ജില്ലയിലടക്കം രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് രോഗം പകർന്നതായും കണ്ടെത്തിയിരുന്നു. 17 പേരാണ് അന്ന് നിപ ബാധിച്ച് മരിച്ചത്.
“
}