നിപ ബാധ : എറണാകുളത്ത് കൺട്രോൾ റൂം, അതീവ ജാഗ്രത പ്രഖ്യാപിച്ചു
കൊച്ചി : സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുൻ പരിചയം ഉള്ള ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഗ സംഘം കോഴിക്കോട്ടു നിന്ന് കൊച്ചിയിലെത്തുന്നുണ്ട്. പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷൻ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. ആറ് പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനാകും വിധമാണ് ക്രമീകരണങ്ങൾ. രോഗ സംശയത്തോടെ ആരെത്തിയാലും വിദഗ്ധ സംഘത്തിന്റെ പരിചരണം ഉറപ്പാക്കാനും നടപടി എടുത്തതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.തൃശൂര്‍ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്, നിപ സ്ഥിരീകരിച്ച് കഴിഞ്ഞാൽ ആവശ്യത്തിന് മരുന്ന് എത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൺട്രോൾ റൂം തുറക്കാനും തീരുമാനം ആയിട്ടുണ്ട്. എറണാകുളം കളക്ടേറ്റിലാണ് കൺട്രോൾ റൂം സജ്ജമാക്കുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നൽകുമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഗോബ്രഗഡെ അറിയിച്ചു. എറണാകുളത്തും പരിസര പ്രദേശത്തും ഏത് ആശുപത്രിയിലും നിപ രോഗ സംശയത്തോടെ ആരെങ്കിലും എത്തിയാൽ അപ്പപ്പോൾ വിവരം അറിയാനും ചികിത്സയും പരിചരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അതേസമയം നിപ ബാധ സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില “സ്റ്റേബിൾ” ആണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം വന്ന ശേഷം മാത്രമെ നിപ രോഗബാധയിൽ സ്ഥിരീകരണം ഉണ്ടാകൂ.
ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയപ്പോള്‍ തന്നെ തന്റെ മകനെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നുവെന്ന് നിപാ ബാധ സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന്റെ അമ്മയും അമ്മയുടെ അനുജത്തിയുമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. യുവാവിന് ഒപ്പം ഇരുവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒപ്പം താമസിച്ച മറ്റ് നാല് പേരുടെ ആരോഗ്യ സ്ഥിതിയും നിരീക്ഷിക്കുന്നുണ്ട്