ആലപ്പുഴയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ തിരിച്ചറിഞ്ഞു.
ആലപ്പുഴ: തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച യുവതിയെ ആണ് പൊലീസ് കണ്ടെത്തിയത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയ നവജാതശിശു ജനിച്ച് മണിക്കൂറുകൾ ആയിട്ടേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രദേശത്തെ ആശുപത്രികളിൽ പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് ഭർത്താവിനും അമ്മയ്ക്കും ഒപ്പം ചികിത്സ തേടിയെത്തിയ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
കുട്ടിയെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി വൈകാതെ രക്തസ്രവം കാരണം അവശയായി. ഇതോടെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയിൽ ഒപ്പമെത്തിയ ഭർത്താവും മാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള ബ്ലീഡിംഗാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ പൊലീസിന് മൊഴി നൽകി.
തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ഇന്ന് രാവിലെ കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് നടത്തിയ ഇവർ തെരച്ചിലിനൊടുവിൽ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് ഇവരിൽ നിന്നും വിശദമായി മൊഴിയെടുക്കും.