നാട്ടുകാർക്ക് ജീവനോപാധി നൽകുന്നതിനുള്ള കഠിന ശ്രമവുമായി നഗരസഭ കൗൺസിലർ

ഗുരുവായൂര്‍: വാർഡിലെ ജനങ്ങളെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കാനുള്ള ശ്രമത്തിൽ വാർഡ് കൗൺസിലർ. നഗരസഭയുടെ പത്താം വാര്‍ഡായ പാലുവായ് വാർഡ് കൗൺസിലർ മെഹ്‌റൂഫ് ആണ് നാട്ടുകാർക്ക് ജീവനോപാധി കണ്ടെത്തുന്നതിനുള്ള നൂതന ആശവുമായി പ്രവർത്തിക്കുന്നത് . .ആടുവളര്‍ത്തല്‍ പദ്ധതി ആരംഭിച്ച് പാല്‍ വില്പനയിലൂടെ ഓരോ വീട്ടുകാര്‍ക്കും വരുമാനം കണ്ടെത്തലാണ് ലക്ഷ്യം.ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.മെഹ്‌റൂഫ് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

Above Pot

തുടക്കം എന്ന നിലയില്‍ 40 വീടുകളിലേക്ക് സൗജന്യമായി ആടുകളെ നല്‍കും.ഓരോ വീട്ടുകാരും വലിയ ആവേശമാണ് കാണിക്കുന്നതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.ആടുവളര്‍ത്തലിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി വിദഗ്ദരെ കൊണ്ടുവന്ന് ക്ലാസ്സുകള്‍ നടത്തും.ആടുകള്‍ക്കുവേണ്ട തീറ്റയും വാര്‍ഡുകളില്‍ തയ്യാറാക്കാനും പദ്ധതിയുണ്ട്.കുടുംബശ്രീയുമായി സഹകരിച്ച് പുല്‍കൃഷിയും ആലോചിക്കുന്നുണ്ട്.

ആദ്യഘട്ടത്തിലെ 40 ആടുകള്‍ പ്രസവിച്ചാല്‍ കുട്ടികളെ അടുത്ത 40 വീടുകളിലേക്ക് വളര്‍ത്താല്‍ നല്‍കും.അങ്ങനെ എല്ലാ വീടുകളും പദ്ധതിയില്‍ ചേരുന്നതോടെ പാലുവായ് വാര്‍ഡ് ‘ആടുകളുടെ ഹബ്ബ്’ ആക്കി മാറ്റും.കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടത്തിലായ കുടുംബങ്ങള്‍ക്ക് ഇതൊരു അനുഗ്രഹവുമായേക്കും.

700 ലേറെ കുടുംബങ്ങളുണ്ട് വാര്‍ഡില്‍.പ്രതിവര്‍ഷം 60,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ സ്ഥിര വരുമാനം ലഭിക്കാവുന്ന പദ്ധതിയാണിത്.’ പാലുവായ് ഡയറി’ എന്ന പേരില്‍ തുടങ്ങുന്ന സംരംഭത്തിലൂടെ വിവിധ തൊഴില്‍ മേഖലകളാണ് പ്രദേശത്തിന് സമ്മാനിക്കുന്നതെന്നും കൗണ്‍സിലര്‍ പറഞ്ഞു.

കൗൺസിലർ ആയ ഉടൻ തന്നെ നാട്ടുകാർക്ക് സമ്മാനമായി സൗജന്യ ആംബുലൻസ് സർവീസ് തുടങ്ങി വ്യത്യസ്ഥ നായ കൗൺസിലർ ആയി മാറിയിരുന്നു യു ഡി എഫി ലെ മെഹ്‌റൂഫ്. യു ഡി എഫ് നേതാക്കളായ വി.സി.കമറുദ്ദീന്‍,വി.എന്‍.അബ്ദുമോന്‍,ടി.സി.റസാഖ് എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.