നാട്ടിക ലുലു സി.എഫ്.എൽ.ടി.സി സെപ്റ്റംബർ 9ന് തുറക്കും; 1400 കോവിഡ് രോഗികൾക്ക് ചികിത്സാ സൗകര്യം

Above article- 1

തൃശൂര്‍: നാാട്ടികയിൽ ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സെപ്റ്റംബർ ഒൻപതിന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 1400 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. കുടിവെള്ള സൗകര്യം, വാട്ടർ ഫിൽറ്റർ, ഹോട്ട് വാട്ടർ സൗകര്യം, വാഷിങ് മെഷിൻസ്, ബാത്ത് -ടോയലറ്റ്സ്, മാലിന്യ സംസ്‌കരണ സംവിധാനം, ടിവി, വൈഫൈ എന്നിവ സെന്ററിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിനോദത്തിനായി റിക്രിയേഷൻ ക്ലബ്, കാരംസ്, ആമ്പൽക്കുളം, ഉദ്യാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഗവ. എൻജിനീയറിങ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച ഇ ബൈക്കിലാണ് ഭക്ഷണ വിതരണം നടത്തുക. 60 ഡോക്ടർമാരുടെയും 100 നഴ്സ്മാരുടേയും സേവനം ഉണ്ടാകും. പരിശീലനം ലഭിച്ച 200 വളന്റിയർമാരും സേവനത്തിനുണ്ടാകും. രോഗികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.സി മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ.രാജൻ, ടി.എൻ പ്രതാപൻ എം.പി, ഗീതഗോപി എം എൽ എ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവരും പങ്കെടുത്തു.

Vadasheri Footer