Post Header (woking) vadesheri

ഉടമസ്ഥർ ആരൊക്ക, നാട്ടാന സെൻസസ് നടത്താൻ ഹൈക്കോടതി.

Above Post Pazhidam (working)

കൊച്ചി: സംസ്ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദേശം. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥൻ, ഉടമസ്ഥതാ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. ആനകളെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതി നടപടി.

Ambiswami restaurant

ജില്ലാ കലക്ടർ, സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലെ ഓരോ ജില്ലയിലേയും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവരെയാണ് സെൻസസിനു നിയോഗിച്ചിരിക്കുന്നത്. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ട് ഏകീകരിച്ച് ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഹൈക്കോടതിയിൽ സമർപ്പിക്കാനും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

കേരളത്തിലുള്ള 349 നാട്ടാനകളിൽ 225 എണ്ണത്തിനു മാത്രമാണ് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഉള്ളത്. ബാക്കി ആനകളുടെ ഉടമസ്ഥർക്ക് എങ്ങനെയാണ് ഉടമസ്ഥതാവകാശം ലഭിച്ചത് എന്നറിയേണ്ടതുണ്ട്. സെൻസസിലൂടെ ആനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. ആനകളുടെ പ്രായം കണക്കാക്കുന്നത് സംബന്ധിച്ച് വിദഗ്ധരായ ഡോ. ഈസ, ആനന്ദ് കുമാർ എന്നിവരിൽനിന്ന് കോടതി അഭിപ്രായം തേടി.

Second Paragraph  Rugmini (working)

ആന വന്യമൃ​ഗം ആയതിനാൽ അതിനെ പിടിക്കാനും സൂക്ഷിക്കാനും ചീഫ് വൈൽഡ്‍ലൈഫ് വാർഡന്റെ അനുമതി വേണം. തുടർന്ന് ഈ വന്യമൃഗങ്ങളുടെ ഉടമസ്ഥതാവകാശ സർട്ടിഫിക്കറ്റും കൈമാറ്റം ചെയ്യുന്ന ആൾക്ക് ആനയ്ക്കൊപ്പം നൽകണം. ഉടമസ്ഥത മാറുമ്പോൾ പുതിയ ഉടമസ്ഥന്റെ പേരിൽ സർട്ടിഫിക്കറ്റ് വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ആനകളുടെ ഉടമസ്ഥതയുടെ കാര്യത്തിൽ തീരുമാനമായ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി.