നാരായണീയ ദിനാഘോഷം ഡിസം.13 ന്:നാരായണീയ സപ്താഹം തുടങ്ങി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നാരായണീയ സപ്താഹം തുടങ്ങി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഇന്നു രാത്രി ഏഴു മണിയോടെ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചതോടെയാണ് സപ്താഹത്തിന് തുടക്കമായത്. തുടർന്ന് മഹാത്മ്യപ്രഭാഷണം നടന്നു.
ചടങ്ങിൽ ദേവസ്വം വേദ-സംസ്കാര പ0ന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സന്നിഹിതനാ യി.
തോട്ടം ശ്യാം നമ്പൂതിരിയും ഡോ.വി.അച്യുതൻകുട്ടിയുമാണ് നാരായണീയ സപ്താഹ ആചാര്യൻമാർ.ദിവസവും രാവിലെ ഏഴിന് സപ്താഹം തുടങ്ങും: നാരായണീയ ദിനമായ ഡിസംബർ 13ന് രാവിലെ രാവിലെ 7 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടാകും. ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന പാരായണത്തിന് ഡോ.വി.അച്യുതൻകുട്ടി നേതൃത്വം നൽകും.
രാവിലെ 9.30 മുതൽ നാരായണീയം സെമിനാർ കൗസ്തുഭം റെസ്റ്റ് ഹൗസിനു സമീപമുള്ള നാരായണീയം ഹാളിൽ നടക്കും. ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനായ മേൽപുത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച വൃശ്ചികം ഇരുപത്തിയെട്ടാം തീയതിയാണ് ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നത്.