Above Pot

ഗണേഷ് കുമാർ മുന്നോട്ട് തന്നെ, നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തും.

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങൾ നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആ‍ര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.

First Paragraph  728-90

അതേസമയം ഇരുചക്ര വാഹന ലൈസൻസിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൈ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ തുടർന്നും ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാം. മൂന്നു മാസത്തേക്കാണ് ഇളവ്. കാലുകൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ ഉപയോഗിക്കണമെന്നായിരുന്നു പരിഷ്ക്കരണം.

Second Paragraph (saravana bhavan

പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.

ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായാണ് സർക്കാർ പരിഷ്കാരം നടപ്പാക്കുന്നത്. അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവ‍ര്‍ പിന്മാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സിഐടിയു നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്കൂൾ അസ്സോസിയേഷൻ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഇളവുകളും സാവകാശവും അനുവദിക്കാൻ സർക്കാർ സന്നദ്ധമായത്. ദിവസേനയുള്ള ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വർദ്ധിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. ഇക്കാര്യത്തിൽ അനുവദിക്കാവുന്ന പരമാവധി എണ്ണം വർദ്ധിപ്പിച്ചു നൽകാനാണ് സർക്കാർ തയ്യാറായതെന്ന വസ്തുത വിസ്മരിക്കരുതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ മാത്രമാണ് മുന്നോട്ടു വച്ചതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിൽ വിശദീകരിച്ചു. ഇപ്പോഴത്തെ പരിഷ്കാര നടപടികളുമായി മുന്നോട്ടുപോകുവാൻ ഹൈക്കോടതി അനുമതി നൽകിയതാണ്. സ്വന്തം ജീവന്റെ സുരക്ഷ പോലെ പ്രധാനമാണ് ഇതര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും കാൽനടയാത്രക്കാരും അടക്കമുള്ളവരുടെ ജീവനും. നിരത്തിൽ വാഹനം ഓടിക്കാൻ അർഹത നേടുന്നവർ മനസ്സിലാക്കണം. അപ്രകാരം അവബോധവും ഡ്രൈവിംഗ് വൈദഗ്ധ്യവും പരിശീലിപ്പിക്കപ്പെട്ടവരെയാണ് ഡ്രൈവിംഗ് ടെസ്റ്റിനായി സജ്ജരാക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും ഉറപ്പു വരുത്തണം. ഇതൊന്നും പാലിക്കാതെയും നിയമത്തിൽ പറഞ്ഞിരിക്കുന്ന യാതൊരു മാനദണ്ഡങ്ങളുമില്ലാതെയും യഥേഷ്ടം ലൈസൻസുകൾ വിതരണം ചെയ്ത് നിരത്തുകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.