
ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്ക് കേന്ദ്രമന്ത്രിയുടെ ശാസന

ഗുരുവായൂർ: അമൃത്, പ്രസാദ് പദ്ധതികളിൽപെട്ട ഗുരുവായൂർ നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ഫെസിലിറ്റേഷൻ സെന്റർ, അമിനിറ്റി സെന്റർ എന്നിവ വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാത്തതിൽ ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അശ്വിനികുമാർ ചൗബെയുടെ ശാസന . രണ്ട് മാസത്തിനകം സ്ഥാപനങ്ങൾ തുറന്ന് കൊടുക്കണമെന്നും കേന്ദ്രസർക്കാർ പദ്ധതികളാണെന്ന ബോർഡ് വെക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഫെസിലിറ്റേഷൻ സെന്റർ, അമിനിറ്റി സെന്റർ എന്നിവിടങ്ങിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്

. ഫെസിലിറ്റേഷൻ സെന്ററിലെത്തിയ മന്ത്രി സ്ഥാപനം അടഞ്ഞു കിടക്കുന്നതായി കണ്ടതോടെ നഗരസഭ സെക്രട്ടറിയോട് ഉടൻ സ്ഥലത്തെത്താനായി ആവശ്യപ്പെട്ടു.അധികം വൈകാതെ നഗസരഭ സെക്രട്ടറി ബീന എസ്.കുമാർ സ്ഥലത്തെത്തി. കോടികൾ മുടക്കി അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ച സ്ഥാപനം തുറന്ന് കൊടുക്കാത്തതിന്റെ കാരണമാണ് മന്ത്രി ആദ്യം ആരാഞ്ഞത്.. നിർമ്മാണം പൂർത്തീകരിച്ച് വർഷങ്ങളായിട്ടും കരാർ കമ്പനി സ്ഥാപനം നഗരസഭക്ക് കൈമാറാത്തതിലും മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് സമീപം മണ്ണുകളും കോൺക്രീറ്റ് മാനിന്യങ്ങളും നിക്ഷേപിച്ചതിനെതിരെയും വിമർശനമുണ്ടായി.. ഫെസിലിറ്റേഷൻ സെന്ററിലേക്ക് കൃത്യമായ വഴി പോലും നിർമ്മിക്കാൻ നഗരസഭക്കായിട്ടില്ല.

അമിനിറ്റി സെന്ററും അമൃത് പദ്ധതിയിൽ ഉൽപ്പെടുത്തി നിർമ്മിച്ച കാനയും കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ബോർഡുകൾ സ്ഥാപിക്കണം. ഇക്കാര്യങ്ങളിൽ ഒരു മാസത്തിനകം നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭ സെക്രട്ടറി രണ്ട് മാസത്തെ സാവകാശം ആരാഞ്ഞപ്പോൾ രണ്ട് മാസം കഴിഞ്ഞ് താൻ വീണ്ടും വരുമെന്നും പൂർണനടപടിയായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽകൊണ്ട് വരും. രണ്ട് മാസത്തിനകം നടപടിആയില്ലെങ്കിൽ ഗുരുവായൂർ നഗരസഭക്ക് തുടർന്നുള്ള കേന്ദ്ര പദ്ധതിതുക അനുവദിക്കുന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
അമൃത് പദ്ധതിയിൽ ഗുരുവായൂർ ദേവസ്വം നിർമ്മിച്ച മൾട്ടിലെവൽ കാർ പാർക്കിംഗ് സെന്ററും മന്ത്രി സന്ദർശിച്ചു. പാർക്കിംഗ് ഫീസ് ഈടാക്കുന്ന വകയിൽ ദേവസ്വത്തിന് വർഷം തോറും 80 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വരുമാനം ലഭിക്കുന്നതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചതാണ്.. ഇത്രയും വരുമാനുമുണ്ടായിട്ടും കേന്ദ്രസർക്കാർ സഹായത്തോടെയാണിത് നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കാൻ ദേവസ്വവും തയ്യാറായിട്ടില്ല.
ബി.ജെപി സംസ്ഥാന നേതാക്കളായ എം.ടി.രമേഷ്, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ടി.പി.സിന്ധുമോൾ, അഡ്വ.എൻ.കെ.നാരായണൻ നമ്പൂതിരി, ജില്ലാപ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, ദയാനന്ദൻ മാമ്പുള്ളി, അനിൽ മഞ്ചറമ്പത്ത്, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
