Madhavam header
Above Pot

സംഗീത നാടക അക്കാദമിയില്‍ പ്രൊഫഷണൽ നാടക മത്സരത്തിന് തിരി തെളിഞ്ഞു

തൃശൂർ : കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച പ്രൊഫഷണൽ നാടക മത്സരം തൃശൂർ സംഗീത നാടക അക്കാദമിയിൽ ആരംഭിച്ചു. കേരളത്തിലെ പ്രധാന തിയറ്ററുകളുടെ 10 നാടകങ്ങളാണ് അരങ്ങേറുന്നത്. 29 വരെ നടക്കുന്ന നാടകമത്സരത്തില്‍ എല്ലാ ദിവസവും രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമായി രണ്ട് നാടകങ്ങൾ അരങ്ങേറും. സംഗീത നാടക അക്കാദമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയറ്ററിലാണ് നാടകപ്രദർശനം.

Astrologer

സംഗീത നാടക അക്കാദമി വൈസ്‌ ചെയര്‍മാന്‍ സേവ്യര്‍പുല്‍പ്പാട്ട്
നാടകമത്സരം ഉദ്ഘാടനം ചെയ്തു. നാടകത്തെയും അരങ്ങിനെയും തിരിച്ചു കൊണ്ടുവരാനാണ് സംഗീത നാടക അക്കാദമിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. നാടകപ്രവർത്തകർ കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ മറ്റ് തൊഴിലിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെ നാടകവേദിയിലേക്ക് തിരിച്ചു കൊണ്ടുവരണം. ഒപ്പം നാടകമെന്ന മികച്ച കലയെ സമൂഹത്തിന് സംഭാവന ചെയ്യുകയുമാണ് ലക്ഷ്യമെന്നും സേവ്യർ പുൽപ്പാട്ട് പറഞ്ഞു.

അക്കാദമി നിര്‍വ്വാഹക സമിതി അംഗം ഫ്രാന്‍സിസ്.ടി.മാവേലിക്കര അധ്യക്ഷത വഹിച്ചു. പുസ്തകക്കാലം-നൂറ് ദിനം: നൂറ് പുസ്തകം പദ്ധതിയുടെ ഭാഗമായി അക്കാദമി പുറത്തിറക്കിയ എട്ട് പുസ്തകങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ പ്രമുഖ നാടകകൃത്ത് പി.വി.കെ പനയാലിന് നല്‍കി പ്രകാശനം ചെയ്തു. അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി, അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, അഡ്വ. വി.ഡി.പ്രേമപ്രസാദ് എന്നിവരും സംബന്ധിച്ചു.

കോവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 250 പേര്‍ക്ക് മാത്രമാണ് അക്കാദമി പാസ് അനുവദിച്ചിട്ടുള്ളത്. ആരോഗ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്.  കെ പി എ സി കായംകുളം, കൊല്ലം കാളിദാസ കലാകേന്ദ്രം, കണ്ണൂർ സംഘചേതന, കോഴിക്കോട് സങ്കീർത്തന, തിരുവനന്തപുരം സൗപർണിക, കണ്ണൂർ നാടക സംഘം കല്യാട്, സംസ്കൃതി വെഞ്ഞാറമൂട്, കൊച്ചിൻ ചന്ദ്രകാന്ത, 
തൃശൂർ വരവൂർ വള്ളുവനാട് ബ്രഹ്മ,  പിരപ്പൻകോട് സംഘകേളി എന്നിവയുടെ നാടകങ്ങളാണ് അവതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ആദ്യദിനം രാവിലെ കൊച്ചിന്‍ ചന്ദ്രകാന്തത്തിന്‍റെ അന്നം എന്ന നാടകം അരങ്ങേറി. വൈകിട്ട് 5 ന് കാളിദാസ കലാകേന്ദ്രത്തിന്‍റെ അമ്മ എന്ന നാടകവും കളിച്ചു

Vadasheri Footer