Madhavam header
Above Pot

മുരിങ്ങൂർ പീഡനം , ജാമ്യമില്ല- പ്രതി ജോൺസൺ എത്രയും പെട്ടെന്ന് കീഴടങ്ങണം : ഹൈക്കോടതി

കൊച്ചി ∙ മുരിങ്ങൂർ പീഡനക്കേസിലെ പ്രതി സി.സി.ജോൺസന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയോട് എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കീഴടങ്ങാൻ നിർദേശിച്ചുകൊണ്ടാണ് ഉത്തരവ്. കേസിൽ സർക്കാരിന്റെ റിപ്പോർട്ട് പരിശോധിച്ചാണ് പ്രതിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Astrologer

പ്രത്യേക സംഘം അന്വേഷിക്കണം എന്ന ഇരയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്. 2016ൽ പ്രതി ജോൺസൺ പീഡിപ്പിച്ചെന്നു സുഹൃത്ത് നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഒളിംപ്യൻ മയൂഖ ജോണി രംഗത്തെത്തിയിരുന്നു. ഇതോടെയാണു കേസ് വാർത്തയാകുന്നതും ജനശ്രദ്ധയിലെത്തുന്നതും.

കേസ് സഭാ തർക്കത്തെ തുടർന്നു കെട്ടിച്ചമച്ചതാണെന്നും ഇവർ തുടർന്നുവന്ന പള്ളിയിൽനിന്നു പുറത്തുപോയതിന്റെ പ്രതികാര നടപടിയാണെന്നുമായിരുന്നു പ്രതിയുടെ വാദം. പരാതി നൽകാൻ വൈകിയത് ഇതിനു തെളിവാണ് എന്നുമായിരുന്നു അവകാശപ്പെട്ടത്. സഭാ തർക്കമാക്കിത്തീർത്ത് കേസിൽനിന്നു പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് അവസരം ഒരുക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.

സംഭവത്തിൽ ഇടപെട്ടതിനെ തുടർന്ന് മയൂഖ ജോണിക്കു ഭീഷണി ഉണ്ടായെന്നും വെളിപ്പെടുത്തലുണ്ടായി. വർഷങ്ങൾക്കു മുൻപു നടന്ന സംഭവമായതിനാൽ യുവതിയെ പരിശോധിച്ചു തെളിവു ശേഖരിക്കാനായില്ലെന്നും ഡിജിറ്റൽ രേഖകൾ ലഭ്യമായിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ വാദം. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന ആവശ്യം യുവതി ഉയർത്തിയത്.

Vadasheri Footer