മണത്തല മുല്ലത്തറയിൽ 50 മീറ്റർ വീതിയുള്ള ഫ്ലൈ ഓവർ നിർമിക്കണം , ലോകസഭയിൽ ടി എൻ പ്രതാപൻ
ന്യുഡൽഹി: ദേശീയപാത 66ലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തൃശൂർ ലോകസഭാ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ടിഎൻ പ്രതാപൻ എംപി ലോകസഭയിൽ അവതരിപ്പിച്ചു. ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവക്കാട് മുല്ലത്തറ-മണത്തല ജങ്ഷനിൽ നിലവിൽ ആസൂത്രണം ചെയ്തിട്ടുള്ള 25 മീറ്റർ മാത്രം വീതിയുള്ള അണ്ടർപാസ് പ്രായോഗികമല്ലെന്നും അൻപത് മീറ്ററെങ്കിലും വീതിയുള്ള അണ്ടർപാസും തൂണുകളിൽ ഉയർത്തിയ ഫ്‌ളൈഓവറും അനുവദിച്ചു നൽകണമെന്നും ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു
മണത്തല ജുമാ മസ്ജിദ്, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, പാലയൂർ ചർച് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകരുടെയും, ഈ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെയും ചാവക്കാട് കടപ്പുറത്തേക്ക് വരുന്ന ടൂറിസ്റ്റുകൾ, വിവിധ മത്സ്യബന്ധന തുറമുഖങ്ങളിലേക്ക് വരുന്ന കച്ചവടക്കാർ തുടങ്ങിയ യാത്രക്കാരെ നിലവിലെ പദ്ധതി പ്രതികൂലമായി ബാധിക്കും.
മുല്ലത്തറ- മണത്തല ഭാഗത്തെ ജനസംഖ്യ കൂടി പരിഗണിച്ച് ഒരു ഫ്‌ളൈഓവറും വീതിയുള്ള അണ്ടർപാസും അനുവദിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തയ്യാറാകണം. കൂടാതെ മന്ദലാംകുന്ന് ജങ്ഷനിൽ നിലവിലെ പിഡബ്ള്യുഡി റോഡിന് അഭിമുഖമായി ഒരു അണ്ടർപാസും, എടക്കഴിയൂർ ജുമാ മസ്ജിദിന് മുന്നിൽ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യവും സർവീസ് റോഡുകളും ഉറപ്പാക്കണമെന്നും എടമുട്ടം ജങ്ഷനിലും അണ്ടർപാസ് അനുവദിക്കണമെന്നും പ്രതാപൻ എംപി ആവശ്യപ്പെട്ടു.