Madhavam header

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴു പേരെക്കൂടി നിയമിച്ചു .

Astrologer

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴു പേരെക്കൂടി നിയമിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, പ്രസ് സെക്രട്ടറി പി.എം.മനോജ്, പേഴ്‌സണല്‍ അസിസ്റ്റന്റ് പി.എ.ബഷീര്‍, ക്ലാര്‍ക്ക് ഇ.വി.പ്രിയേഷ്, ഓഫീസ് അസിസ്റ്റന്റ് അഭിജിത്ത് പി, ഇസ്മയില്‍ പി, ഡ്രൈവര്‍ എന്നിവരെയുമാണ് സ്ഥിരം പേഴ്‌സണല്‍ സ്റ്റാഫായി നിയമനം നല്‍കി ഉത്തരവായത്.. മന്ത്രിസഭ ചട്ടം ദേദഗതി ചെയ്താണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 37 ആയി ഉയര്‍ത്തിയിരിക്കുന്നത്

വിരമിക്കുമ്ബോള്‍ പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ടിയാണു നടപടി. മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയി. രണ്ട് വര്‍ഷത്തിലേറെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചട്ടപ്രകാരം ഭാവിയില്‍ പെന്‍ഷന് അവകാശമുണ്ട്. നിയമനം ലഭിച്ചവരില്‍ പ്രസ് സെക്രട്ടറിക്കൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാകും.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിതരായ 7 പേര്‍ക്കു പെന്‍ഷന്‍ ഉറപ്പാക്കാന്‍ നിയമം മാറ്റിയഴുതിയത് മറുനാടന്‍ മലയാളി കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. താല്‍കാലിക്കാരെ സ്ഥിരപ്പെടുത്തലിനിടെയാണ് പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള തീരുമാനം എടുത്തത്. നിയമവകുപ്പുമായി ആലോചിക്കാതെ ധനവകുപ്പില്‍നിന്നു മാത്രം അഭിപ്രായം തേടിയായിരുന്നു തീരുമാനം.

മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍, പ്രസ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി, അദ്ദേഹത്തിന്റെ സ്റ്റാഫില്‍പെട്ട ക്ലാര്‍ക്ക്, ഓഫിസ് അറ്റന്‍ഡന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിവരുടെ നിയമനം ക്രമപ്പെടുത്താന്‍ പഴ്സനല്‍ സ്റ്റാഫ് സ്പെഷല്‍ റൂള്‍സില്‍ ഭേദഗതി തീരുമാനിച്ചത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേ മാസം മുതല്‍ പ്രാബല്യം നല്‍കിയാണ് പൊതുഭരണ വകുപ്പ് ചട്ടം ഭേദഗതി ചെയ്തത്.

പൊതുഭരണ വകുപ്പിന്റെ 2011 സെപ്റ്റംബര്‍ 16ലെ ഉത്തരവനുസരിച്ച്‌ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും പ്രൈവറ്റ് സെക്രട്ടറി, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങി 30 പേരെയാണ് പഴ്സനല്‍ സ്റ്റാഫില്‍ നിയമിക്കാനാകുക. മുഖ്യമന്ത്രിക്കു മാത്രം സെക്രട്ടറി റാങ്കില്‍ ഒരാളെക്കൂടി വേണമെങ്കില്‍ വയ്ക്കാം. ഇവര്‍ 2 വര്‍ഷം ജോലി ചെയ്താല്‍ സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കും.

പഴ്സനല്‍ സ്റ്റാഫ് നിയമനത്തിന്റെ അടിസ്ഥാന രേഖയായ സ്പെഷല്‍ റൂളില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി, പ്രസ് അഡൈ്വസര്‍, പ്രസ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ സ്റ്റാഫ് എന്നിങ്ങനെ തസ്തികകളില്ല. ഇത്തരം നിയമനങ്ങള്‍ മുന്‍പു പഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നിലവിലെ സര്‍ക്കാര്‍ പാര്‍ട്ടി പത്രത്തില്‍ നിന്നുള്ള 3 പേരെയാണ് ഈ 3 സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. പ്രഭാ വര്‍മ്മയാണ് പ്രസ് അഡൈ്വസര്‍. പ്രസ് സെക്രട്ടറി പിഎം മനോജും. രണ്ടു പേരും ദേശാഭിമാനിയിലെ ജീവനക്കാരായിരുന്നു.

ശമ്ബളം ഒരു ലക്ഷം രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെ. ചട്ടപ്രകാരമല്ലാതെ നിയമിതരായവര്‍ വിരമിക്കുമ്ബോള്‍ പെന്‍ഷന്‍ നല്‍കുന്നതിനെ അക്കൗണ്ടന്റ് ജനറല്‍ ചോദ്യം ചെയ്യാതിരിക്കാനാണ് ഭരണം ഒഴിയുംമുന്‍പുള്ള ഭേദഗതി. ഇതില്‍ പ്രസ് സെക്രട്ടറി 2 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍ അദ്ദംഹത്തിന് പെന്‍ഷന് അര്‍ഹത ആയിട്ടില്ല. എന്നാലും ബാക്കിയുള്ളവര്‍ക്കെല്ലാം ഈ നിയമ ഭേദഗതിയുടെ ആനുകൂല്യം കിട്ടും. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനങ്ങള്‍.

ഡിസംബര്‍ 24നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ചട്ട ഭേദഗതി തീരുമാനിച്ച്‌ കരട് ഉത്തരവ് തയാറാക്കി ധനവകുപ്പിനു കൈമാറിയത്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ സ്റ്റാഫ് ആരൊക്കെയാണെന്നു കൂടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു ധനവകുപ്പ് ഫയല്‍ മടക്കി. അതില്‍ മുഖ്യമന്ത്രി ഇങ്ങനെ കുറിച്ചു ‘പഴ്സനല്‍ സ്റ്റാഫില്‍ അധിക വിഭാഗക്കാരെയും അവര്‍ക്കുള്ള സ്റ്റാഫിനെയും ഏഴില്‍ കവിയാത്ത അംഗസംഖ്യയില്‍ നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്”. ഇതനുസരിച്ചാണ് കഴിഞ്ഞ മന്ത്രിസഭായോഗം ചട്ടഭേദഗതിക്കു തീരുമാനിച്ചത്.

പഴ്സനല്‍ സ്റ്റാഫില്‍ 30നു പകരം 25 പേരെയേ നിയമിക്കൂ എന്നു തത്വത്തില്‍ തീരുമാനമെടുത്ത സര്‍ക്കാരാണ് പിണറായിയുടേത്. അധികാരത്തില്‍ എത്തുമ്ബോള്‍ ഇതെല്ലാം അവര്‍ ചര്‍ച്ചയാക്കുകയും ചെയ്തു. ഇതേ സര്‍ക്കാരാണ് ഇപ്പോള്‍ 37 പേരെ നിയമിക്കാന്‍ സൗകര്യമൊരുക്കിയത്. ശമ്ബളക്കമ്മിഷനാകട്ടെ, 2 വര്‍ഷം സര്‍വീസിനു വരെ പെന്‍ഷന്‍ നല്‍കുന്നതു നിര്‍ത്തി 4 വര്‍ഷം സര്‍വീസ് നിഷ്‌കര്‍ഷിക്കണമെന്നു ശുപാര്‍ശ ചെയ്തിരിക്കുകയുമാണ്. ഇതും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴ് പേഴ്സണല്‍ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തീരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വിമര്‍ശിച്ചിരുന്നു. അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം 25 പേഴ്സണല്‍ സ്റ്റാഫോ ഉണ്ടാവുകയുള്ളുവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോള്‍ അത് മുപ്പത്തേഴാക്കി. ഭരണം അവസാനിക്കുന്നത് മുമ്ബ് ഇനി എന്തെല്ലാം ഈ സര്‍ക്കാര്‍ ചെയ്യുമെന്ന് കണ്ടറിയണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞോഴച് മാധ്യമങ്ങളോട് പറഞ്ഞു.

എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു ഭരണകൂടമാണിതെന്ന് ഓരോ ദിവസവും തെളിയിച്ച്‌ കൊണ്ടിരിക്കുകയാണ് ഇഷ്ടക്കാര്‍ക്കും, ബന്ധുക്കള്‍ക്കും വേണ്ടി എന്ത് വഴിവിട്ട പ്രവര്‍ത്തനവും ചെയ്യാന്‍ മടിയില്ലാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിക്കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നാട്ടിലെ യുവജനങ്ങളുടുള്ള വഞ്ചനയാണിത്.

എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏഴ് പേഴ്സണല്‍ സ്റ്റാഫിനെക്കൂടെ നിയമിച്ചത്. മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും മന്ത്രമാര്‍ക്കുമെല്ലാം മുപ്പത് പേര്‍ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് മാത്രം 37 പേര്‍ എന്നത് തികഞ്ഞ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇത് പോലെ നമ്മള്‍ അറിയാത്ത എത്രയോ നിയമനങ്ങള്‍ നടന്നുകാണുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. താല്‍ക്കാലിക നിയമനങ്ങള്‍ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം വരും. ഇതെല്ലാം നാട്ടിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Vadasheri Footer