ആഴക്കടല്‍ കരാര്‍: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് അതൃപ്തി അറിയിച്ചു. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും വകുപ്പ് ഒരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ മുഖ്യമന്ത്രിക്ക് കീഴില്‍ വരുന്നതാണ്. പദ്ധതിക്ക് നാല് ഏക്കര്‍ ഭൂമി നല്‍കിയത് വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ്. ഫിഷറീസ് വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ല. ആരോപണം ഫിഷറീസ് വകുപ്പിലേക്ക് തിരിച്ചുവിടാന്‍ ബോധപൂര്‍വ്വ ശ്രമമുണ്ടായെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ട്രോളറുകള്‍ നിര്‍മിക്കുന്നതിന് വ്യവസായികാടിസ്ഥാനത്തിലാണ് കരാറെന്നും ആഴക്കടല്‍ മത്സ്യബന്ധനം ഇതില്‍ ഉള്‍പ്പെടുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താനാണ് കരാറിന് പിന്നിലെന്ന പ്രതീതി സമൂഹത്തിലുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു വ്യക്തത വേണമെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്ക് നേരെയുള്ള ആരോപണത്തിനു പിന്നില്‍ വ്യവസായവകുപ്പാണെന്ന നിഗമനത്തിലാണ് മന്ത്രി.
എവിടെയെങ്കിലും ആരെങ്കിലും എംഒയു ഒപ്പുവെച്ചെന്ന് കരുതി കേരളത്തില്‍ ഒന്നും നടപ്പാവില്ല. അസന്‍ഡ് കേരളയില്‍ നിരവധി പേര്‍ വന്നിട്ടുണ്ടാകാം. അതില്‍ ധാരണാപത്രം ഒപ്പിട്ടുവെന്നു കരുതി പദ്ധതി കേരളത്തില്‍ നടക്കണമെന്നില്ല.
കരാറില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ഈ മാസം 27-ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.