എംപീസ് കോവിഡ് കെയർ, സമൂഹ അടുക്കള തിരുവത്രയിൽ ആരംഭിച്ചു.
ചാവക്കാട്: ടി എൻ പ്രതാപൻ എം പി യും ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടുപ്പിക്കുന്ന എംപീസ് കോവിഡ് കെയർ
വിശപ്പുരഹിത ചാവക്കാട് പദ്ധതിയുടെ ഭാഗമായുള്ള സമൂഹ അടുക്കള തിരുവത്ര -കുഞ്ചേരിയിലും ആരംഭിച്ചു.
ചാവക്കാട് നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് വീടുകളിൽ ക്വറന്റൈനിൽ കഴിയുന്നവർക്കും, ലോക്ഡൌൺ മൂലം ഭക്ഷണം ലഭ്യമല്ലാത്ത നിർധനരായ ആളുകൾക്കും ഭക്ഷണം താമസസ്ഥലത്ത് എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് വഴി എത്തിച്ചു നൽകുന്നതാണ് പദ്ധതി.
കോവിഡ് ബാധിക്കുകയും പിന്നീട് നെഗറ്റീവ് ആവുകയും ചെയ്തവർ താമസിച്ചിരുന്ന വീടുകളിൽ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കൽ,
അടിയന്തിരമായി ലഭ്യമാക്കേണ്ട മരുന്നുകൾ, പൾസ് ഓക്സിമീറ്റർ എന്നിവ വീടുകളിൽ എത്തിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങളുമാണ് എംപീസ് കോവിഡ് കെയർ ബ്രിഗേഡ്സ് ഏറ്റെടുത്തിട്ടുള്ളത്.
അണുവിമുക്തമാക്കാൻ ഉള്ള ഫോഗ് മെഷീനും, അതിലേക്ക് വേണ്ട സാനിറ്റയ്സറും, പൾസ് ഓക്സി മീറ്ററും എം പി പ്രതാപൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സി. എ. ഗോപപ്രതാപൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ് എന്നിവർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
മഹാത്മാ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് കെ എച്ച് ഷാഹുൽഹമീദ്, കെ. എം. ശിഹാബ്,എച്ച്. എം. നൗഫൽ, എം. എസ്.ശിവദാസ്,ഷെക്കീർ മുട്ടിൽ,തബഷീർ മഴുവഞ്ചേരി, ഫൈസൽ കാനാമ്പുള്ളി,പി. വി. ഹാരിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.