മൊഴിയിൽ പൊരുത്തക്കേടുകൾ, സനുമോഹൻ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ.
കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവ് സനുമോഹനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കാക്കനാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ഇന്നലെയാണ് സനുമോഹൻ പൊലീസിന്റെ പിടിയിലാകുന്നത്. സനു മോഹന്‍റെ മൊഴിയിൽ നിരവധിപ്പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വൈഗയെ ഫ്ലാറ്റിൽവെച്ചാണ് ശ്വാസം മുട്ടിച്ചതെങ്കിലും മരണം സംഭവിച്ചത് മുട്ടാർ പുഴയിൽ എറിഞ്ഞ ശേഷമെന്നാണ് നിഗമനം. പെൺകുട്ടിയുടെ ശരീരത്തിൽ മദ്യത്തിന്‍റെ അംശം എങ്ങനെ വന്നെന്ന കാര്യത്തിലും ഉത്തരമില്ല. പത്തുദിവസത്തേക്ക് സനുമോഹനെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസിന് ഇതിനെല്ലാമുളള ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈഗയുടെ കൊലപാതകത്തിൽ മൂന്നാമതൊരാളുടെ പങ്കാളിത്തം ഇല്ലെന്നാണ് പൊലീസ് സ്ഥീരികരിക്കുന്നത്. എന്നാൽ സംഭവങ്ങൾ സംബന്ധിച്ച് സനുമോഹൻ ഇടയ്ക്കിടെ മാറ്റിപ്പറയുന്നതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടക്കം സഹായത്തോടെ കേസ് തെളിയിക്കേണ്ടതുണ്ട്. കങ്ങരപ്പടിയിലെ ഫ്ളാറ്റിൽവെച്ച് വൈഗയെ ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് സനുമോഹന്‍റെ മൊഴി. എന്നാൽ മുങ്ങി മരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ഈ വൈരുദ്ധ്യം മറികടക്കുകയാണ് പ്രധാന കടമ്പ. ഫ്ലാറ്റിൽവെച്ച് സനു മോഹൻ ശ്വാസം മുട്ടിച്ചപ്പോൾ പെൺകുട്ടി ബോധരഹിതയായെങ്കിലും മരിച്ചിരുന്നില്ലെന്നാണ് പൊലീസ് നിഗമനം.
മകൾ മരിച്ചെന്നു കരുതിയാണ് സനുമോഹൻ മുട്ടാർ പുഴയിൽ കൊണ്ടിട്ടത്. എന്നാൽ അബോധാവസ്ഥയിൽ ആയിരുന്ന പെൺകുട്ടി വെളളത്തിൽ വീണശേഷം ശ്വാസമെടുത്തിരിക്കാം. അങ്ങനെയാണ് ശ്വാസകോശത്തിലും ആന്തരികാവയവങ്ങളിലും വെളളമെത്തിയത്. ഒടുവിൽ പുഴയിൽ മുങ്ങിമരിച്ചെന്നാണ് നിഗമനം. ശാസ്ത്രീയ പരിശോധാനാ റിപ്പോർട്ടിൽ വൈഗയുടെ ശരീരത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിരുന്നു.
എന്നാൽ പെൺകുട്ടിയ്ക്ക് താൻ മദ്യം കൊടുത്തിട്ടില്ലെന്നാണ് സനു മോഹൻ ആവർത്തിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തതവരും. ഫ്ളാറ്റിൽ നിന്ന് കിട്ടിയ രക്തക്കറ വൈഗയുടേതെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം കിട്ടേണ്ടത്. കേരളത്തിന് വെളിയിൽവെച്ച് പലതവണ ആത്മഹത്യക്ക് ശ്രമിച്ചു എന്ന സനുമോഹന്‍റെ മൊഴിയും പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. മകളെ കൊന്നശേഷം ഒളിവിൽപ്പോയ സനുമോഹൻ തെളിവുകൾ ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.