കുടിശിഖ , മന്ത്രി മണിക്ക് മറുപടിയുമായി ജല വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി
ഗുരുവായൂർ: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് മറുപടിയുമായി ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി . വൈദ്യുതി വകുപ്പിന് മാത്രമല്ല ജലവിഭാഗ വകുപ്പിനും സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കോടികളുടെ കുടിശിഖ ലഭിക്കാനുണ്ടെന്ന് കൃഷ്ണൻ കുട്ടി അഭിപ്രായപ്പെട്ടു .
കെ റ്റിഡിസിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മന്ത്രി മണിക്ക് മറുപടി നൽകിയത് . കഴിഞ്ഞ ദിവസം ചാവക്കാട് ബ്ലാങ്ങാട് സബ് സ്റ്റേഷൻ ഉൽഘാടന വേളയിൽ മന്ത്രി മണി രൂക്ഷ മായ ഭാഷയിലാണ് കുടിശ്ശിഖയെ സംബന്ധിച്ച് ജല അതോറിറ്റിയെ കടന്നാക്രമിച്ചത്.
ജല അതോറിറ്റിയെ തീറ്റിപ്പോറ്റാനുള്ള ബാധ്യത കെ.എസ്.ഇ.ബിക്കുണ്ടെന്ന മട്ടിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് , വൈദ്യുതി കുടിശിഖ അടക്കാത്തത് അത് കൊണ്ടാണ് . കുടിവെള്ളമായതിനാൽ പണ്ട് ആരാണ്ട് പറഞ്ഞ മാതിരി നിർത്താനും കഴിയില്ല, തുടരാനും കഴിയാത്ത അവസ്ഥ. ഇത് നമ്മുടെ ദൗർബല്യമാണെന്ന് കരുതി കറവപ്പശു പോലെ കുറേയാളുകൾ വൈദ്യുതി ബോർഡിനെ കറന്നുകൊണ്ടിരിക്കുകയാണ് . ജല അതോറിറ്റി നമുക്ക് തരാനുള്ളത് സംബന്ധിച്ച് ഒരു ബോധവും ധാരണയുമില്ല. കാശ് തരാനുള്ള ഒരു ശ്രമവും അവർ നടത്തുമില്ല എന്നും മന്ത്രി എം എം മണി പറഞ്ഞു വച്ചു
ജല സ്രോതസുകൾ മലിനമാകുന്നത് തടയാനായി 2003ലെ കേരള ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് കർശനമായി നടപ്പാക്കാൻ നിർദേശം നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കുടിവെള്ള പൈപ്പ് ഇടക്കിടെ പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. വാട്ടർ അതോറിറ്റി ഓഫിസുകളിൽ വൈദ്യുതിക്കായി സൗരോർജ സംവിധാനം നടപ്പാക്കും. ഇതുവഴി വാട്ടർ അതോറിറ്റി ഓഫിസുകളിൽ നിന്ന് കുടിശികയുണ്ടെന്ന വൈദ്യുതി വകുപ്പിൻറെ പരാതി അവസാനിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.