തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.
തൃശൂർ: തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് തുടർന്ന് നടന്ന പരിശോധനയിൽ തൃശൂര്‍ കിഴക്കേക്കോട്ടയ്ക്കു സമീപമായിരുന്നു ഇവരെ പിടികൂടിയത്. സഞ്ജുനയുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് പതിനെട്ടു ഗ്രാം എം.ഡി.എം.എ കിട്ടി. അരലക്ഷം രൂപ വിലവരും ഇതിന്
സഞ്ജുന തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ട്രാവല്‍സ് സ്ഥാപനം നടത്തി വരുന്നു. ഭര്‍ത്താവ് വിദേശത്തായിരുന്നു. ദാമ്പത്യബന്ധം മോശമായതോടെ ഇരുവരും വഴിപിരിഞ്ഞു. അമ്മയോടൊപ്പം വാടക ഫ്ളാറ്റില്‍ താമസം. അച്ഛന്‍ നേരത്തെ വീടുമായി അകന്നു കഴിയുകയാണ്. ട്രാവല്‍സ് സ്ഥാപനത്തില്‍ വിമാനടിക്കറ്റ് ബുക് ചെയ്യാന്‍ ആളുകള്‍ വിളിച്ചുപറയും. മികച്ച ഓഫറില്‍ ടിക്കറ്റ് കിട്ടുന്നത് അര്‍ധരാത്രിയ്ക്കു ശേഷമാണ്. ഉറങ്ങാതിരിക്കും. ഉറക്കം വരാതിരിക്കാന്‍ നല്ലത് എം.ഡി.എം.എയാണെന്ന് സുഹൃത്തുക്കളുടെ ഉപദേശം. അങ്ങനെ, അത് ഉപയോഗിച്ചു തുടങ്ങി. ഒരുതവണ ലഹരി നുണഞ്ഞാല്‍ പിന്നെ മൂന്നു ദിവസം വരെ ഉറക്കംവരില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും ലഹരി ഉപയോഗിക്കും. പിന്നാലെ, ആരോഗ്യപ്രശ്നങ്ങള്‍ വരും. ശരീരതളര്‍ച്ച, വിശപ്പില്ലായ്മ തുടങ്ങി ഒരു കൂട്ടം അസുഖങ്ങള്‍.
സഞ്ജുനയുടെ മൊഴിപ്രകാരം ഇത്തരം ലഹരി സ്ഥിരമായി ഉപയോഗിക്കുന്ന യുവതികള്‍ ഏറെയുണ്ട്. അവരൊന്നും ഇപ്പോള്‍ തൃശൂരില്‍ ഇല്ല. ബംഗ്ലുരുവിലാണ്. കൂട്ടുകാരായ തൃശൂര്‍ പൂത്തോള്‍ സ്വദേശി മെബിന്‍ ടാറ്റൂ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തില്‍ കുത്തിയ ടാറ്റൂ എല്ലായ്പ്പോഴും തിളങ്ങാന്‍ ഒരു മിശ്രിതം മെബിന്‍ വികസിപ്പിച്ചെടുത്തു. ഈ ഉല്‍പന്നം വിറ്റഴിക്കാന്‍ ബിസിനസ് തുടങ്ങാനിരിക്കുകയായിരുന്നു മെബിന്‍. അറസ്റ്റിലായ തൃശൂര്‍ ചേറൂര്‍ സ്വദേശിയായ കാസിം യു.എ.ഇയിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.