മറ്റം പള്ളിയിൽ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിലെ തിരുനാളാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച , ലദീഞ്ഞ് , വിശുദ്ധ കുർബ്ബാന, നൊവേന, പ്രദക്ഷിണം എന്നിവ നടന്നു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ എ.സി.പി പി. ബിജുരാജ് നിർവ്വഹിച്ചു. ശനിയാഴ്ച രാവിലെ 5.45നുള്ള ദിവ്യബലിക്ക് ശേഷം രൂപം എഴുന്നള്ളിച്ച് വെക്കുകയും . കിരീടം എഴുന്നള്ളിപ്പും ആരംഭിക്കും. വൈകീട്ട് അഞ്ചിന് തിരുനാൾ ഊട്ട് ആശീർവാദം, കിരീട സമർപ്പണം എന്നിവ നടക്കും. ഫാ ജോർജ്ജ് എടക്കളത്തൂർ മുഖ്യകാർമ്മികനാകും. രാത്രി പത്തിന് കിരീടം സമാപനം, തേര് മത്സരം, മെഗാബാന്റ് മേളം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 5.30 നും 7 നും 8.30 നും വൈകീട്ട് 4 നും 6 നും വിശുദ്ധ കുർബ്ബാന നടക്കും ഫാ റോജോ എലുവത്തിങ്കൽ, ഫാ ഫ്രോങ്കോ കവലക്കാട്ട്, ഫാ തോമസ് മണ്ടി, ഫാ പ്രിന്റോ കുളങ്ങര, ഫാ ഫ്രാൻസീസ് മുട്ടത്ത് എന്നിവർ കാർമ്മികത്വം വഹിക്കും. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് ഫാ ജോമോൻ പൊന്തേക്കൻ മുഖ്യകാർമികനാവും. ഫാ. സിജോ പുത്തൂർ സന്ദേശം നൽകും. വൈകീട്ട് ആറിന് ഇടവക പള്ളിയിലെ ദിവ്യബലിക്ക് ശേഷം തീർത്ഥകേന്ദ്രത്തിലേക്ക് കിരീടം എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി ഒമ്പതിന് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡോ. ശുകപുരം ദിലീപും സംഘവും അവതരിപ്പിക്കുന്ന ചിത്രപഞ്ചാരി അരങ്ങേറും. തിങ്കളാഴ്ച രാവിലെ 7.15ന് മരിച്ചവർക്കായുള്ള തിരുക്കർമങ്ങൾ നടക്കും. രാത്രി ഏഴിന് ഗാനമേളയും അരങ്ങേറും പ്രത്യേക നേർച്ചയായ നിത്യസഹായാമൃതം തിരുനാൾ ദിവസങ്ങളിൽ വിതരണം ചെയ്യും