മഞ്ചേരിയിൽ ആളുമാറി ശസ്ത്രക്രിയ, ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

">

മഞ്ചേരി : മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടറെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. കഴിഞ്ഞദിവസമാണ് മൂക്കിലെ ദശമാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്.

കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഡാനിഷിനെ(ഏഴ്)യാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്റെ മകന്‍ ധനുഷിനാണ് (ആറ്) ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. ഇ.എന്‍.ടി. ഡോക്ടര്‍മാര്‍ ഡാനിഷിനെ ശസ്ത്രക്രിയ നടത്താന്‍ തിരക്കിയപ്പോഴാണ് ആളുമാറിയ വിവരം അറിഞ്ഞത്.അബദ്ധം മനസ്സിലാക്കിയതോടെ പത്തരയോടെ തിയേറ്ററിനു പുറത്തേക്ക് കുട്ടിയെ എത്തിച്ചു. അപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ വയറ്റില്‍ എന്തിനാണ് ശസ്ത്രക്രിയ നടത്തിയതെന്നു ഡോക്ടറോട് തിരക്കിയതായി മജീദ് പറയുന്നു. ഹെര്‍ണിയ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അതു നടത്തിയതെന്നായിരുന്നു മറുപടി.

യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയുംചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ തുടരു കുട്ടിയുടെ നില തൃപ്തികരമാണ് ഇതിനിടെ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്മീഷന്‍ കണ്ടെത്തി. തിയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന എല്ലാവരുടെയും വിശദീകരണം ഹാജരാക്കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors