അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജു വിജയിച്ചു
കൊച്ചി : താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. എക്സിക്യൂട്ടാവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ്ബാബുവും അട്ടിമറി ജയം നേടി. ഔദ്യോഗിക പാനലിൽ നിന്ന് മത്സരിച്ച മൂന്ന് പേരും പരാജയപ്പെട്ടു. നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവരാണ് തോറ്റത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആശാ ശരത്തും തോറ്റു.
അതേസമയം തിരഞ്ഞെടുപ്പ് ഫലങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിനെകുറിച്ച് നടൻ സിദ്ദിഖും മണിയൻപിള്ള രാജുവും വിശദീകരണങ്ങൾ നൽകി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സിദ്ദിഖും പരാമർശങ്ങൾ തിരഞ്ഞെടുപ്പിന്റെ ഭാഗം മാത്രമായിരുന്നെന്ന് മണിയൻപിള്ള രാജുവും വ്യക്തമാക്കി. ഔദ്യോഗിക പാനൽ മത്സരിക്കുന്നുണ്ടെന്ന കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റിലുണ്ടായിരുന്നത്. എന്നാൽ പോസ്റ്റിലൂടെ എതിർ സ്ഥാനാർത്ഥികളെ വിമർശിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം. അമ്മയിൽ മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയെന്നും താരം അഭിപ്രായപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെയായിരുന്നു മണിയൻപിള്ള രാജു മത്സരിച്ചത്.
സാധാരണഗതിയിൽ അമ്മയിൽ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങൾ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും മത്സരമ നടന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ ഇക്കുറിയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും, ട്രഷറായി സിദ്ദിഖിനും എതിരാളികളില്ലായിരുന്നു