മാനവസഞ്ചാരത്തിന് തൃശൂരിൽ സ്വീകരണം
തൃശൂര്‍ : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തിന് തൃശൂരില്‍ ഊഷ്മള സ്വീകരണം നല്‍കി. വിവിധ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിലാണ് സാംസ്‌കാരിക നഗരിയായ തൃശൂരില്‍ സ്വീകരണം നല്‍കിയത്.
ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായാണ് മാനവസഞ്ചാരം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 16ന് കാസര്‍കോഡ് നിന്ന് പ്രയാണമാരംഭിച്ച മാനവ സഞ്ചാരത്തിന്റെ ഭാഗമായി ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ പ്രഭാത നടത്തം നടന്നു. എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി. മത്സ്യതൊഴിലാളികളുമായും വ്യാപാരികളുമായും ഇതിനിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തുടര്‍ന്ന്, സംരംഭക സംഗമം, യുവജന പ്രസ്ഥാന നേതാക്കളുടെ ടേബിള്‍ ടോക്ക്, മാധ്യമ വിരുന്ന്, സ്ഥാപന സന്ദര്‍ശനം, പ്രാസ്ഥാനിക സംഗമം തുടങ്ങിയവ ഹയാത്തി റിജന്‍സിയിലും ശോഭ സിറ്റിയിലുമായി നടന്നു. വൈകിട്ട് നഗരത്തില്‍ നടന്ന സൗഹൃദ നടത്തത്തില്‍ ആയിരക്കണക്കിന് ആളുകള്‍ അണിചേര്‍ന്നു.
ടി എന്‍ പ്രതാപന്‍, സി എ റഷീദ്, കുട്ടന്‍ മാരാര്‍, ഫാദര്‍ . ജെയിംസ് കെ ജെ, ഫാദര്‍ റെജി, ഫാദര്‍ അനീഷ് മാത്യു, ഫാദര്‍ ലാന്‍സ് വി എ, . ഫാദര്‍ ജോസഫ് ജോണ്‍, ഫാദര്‍ ജോബി ജോണ്‍, ശോഭാ സുബിന്‍, സയ്യിദ് ഫസല്‍ തങ്ങള്‍, പി എസ് കെ മൊയ്തു ബാഖവി മാടവന, ഹമീദ് തളിയപ്പാടത്ത് നേതൃത്വം നല്‍കി.