Header 1 = sarovaram
Above Pot

മമ്മിയൂര്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം, ഒക്ടോബര്‍ മൂന്നിന് ആരംഭിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30 ന് മമ്മിയൂര്‍ ദേവസ്വം നവരാത്രി മണ്ഡപത്തില്‍ ലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍. മുരളി, നൃത്തസംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. ഹരിഹരകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും .

Astrologer

പ്രശസ്ത ചുമര്‍ചിത്ര ആചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണാര്‍ത്ഥം മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിവരുന്ന പുരസ്‌ക്കാരം, പ്രശസ്ത വയലിന്‍ വിദ്വാന്‍ ഗുരുവായൂര്‍ ജി.കെ. രാജാമണിയ്ക്ക് ചടങ്ങില്‍ സമ്മാനിയ്ക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജു, മണ്ണൂര്‍ രാജകുമാരനുണ്ണി, വാര്‍ഡ് കൗണ്‍സിലര്‍ രേണുക ശങ്കര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസി: കമ്മീഷണര്‍ കെ.കെ. പ്രമോദ്കുമാര്‍, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ കെ.കെ. ഗോവിന്ദദാസ്, പി. സുനില്‍കുമാര്‍, കെ.കെ. വിശ്വനാഥന്‍, പാരമ്പര്യ ട്രസ്റ്റിയുടെ പ്രതിനിധി രവീന്ദ്രവര്‍മ്മ രാജ, വി.പി. ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിയ്ക്കും.

ഒക്ടോ: 3 ന് രാവിലെ മുതല്‍ നവരാത്രി മണ്ഡപത്തില്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരി പൂജകള്‍ക്ക് തുടക്കം കുറിയ്ക്കും. ഒക്ടോ: 4 മുതല്‍ എല്ലാദിവസവും രാവിലെ 6.30 മുതല്‍ സരസ്വതി വന്ദനവും, 8 മണിമുതല്‍ സംഗീതാര്‍ച്ചനയും, വൈകീട്ട് നൃത്താര്‍ച്ചനയും ഉണ്ടായിരിയ്ക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ പ്രഗദ്ഭരുടെ സംഗീത കച്ചേരി, നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറും. ഒക്ടോ: 10 ന് ഗ്രന്ഥംവെയ്പ്പ്, 12 ന് മഹാനവമി ദിവസം രാവിലെ 5 മണിമുതല്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവസാര ലളിത സഹസ്രനാമ ലക്ഷാര്‍ച്ചന, രാവിലെ 8 ന് ഗുരുവായൂര്‍ മുരളിയുടെ നാദസ്വര കച്ചേരി, തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം എന്നിവയും ഉണ്ടായിരിയ്ക്കും.

ഒക്ടോ: 13 ന് വിജയദശമി ദിവസം രാവിലെ 8 മണിയ്ക്ക് നവരാത്രി മണ്ഡപത്തിലെ പൂജകള്‍ക്ക് ശേഷം, മേല്‍ശാന്തിമാരായ ശ്രീരുദ്രന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങും നടക്കും. വിജയദശമി ദിവസം വൈകീട്ട് 6.30 മുതല്‍ കലാമണ്ഡലം ചിനോഷ് ബാലനും, സംഘവും അവതരിപ്പിയ്ക്കുന്ന സുഭദ്രാഹരണം കഥകളിയും ഉണ്ടായിരിയ്ക്കും. നവരാത്രി ദിവസങ്ങളില്‍ നവരാത്രി മണ്ഡപത്തില്‍ നടക്കുന്ന തൃകാലപൂജ, സരസ്വതി പൂജ, ലക്ഷാര്‍ച്ചന, വെണ്ണജപം, അപ്പം, വടമാല എന്നിവ ഭക്തജനങ്ങള്‍ക്ക് രസീതിയാക്കുന്നതിനും, വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. ഹരിഹരകൃഷ്ണന്‍, ട്രസ്റ്റി ബോര്‍ഡ് അംഗം കെ.കെ. ഗോവിന്ദദാസ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍.കെ. ബൈജു എന്നിവര്‍ അറിയിച്ചു.

Vadasheri Footer