മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ കൂടിയാട്ട മഹോത്സവം
ഗുരുവായൂര്‍ : ക്ഷേത്രകലകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ഡിസംബര്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി സുഭദ്രാ ധനജ്ഞയം കൂടിയാട്ട മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. കേരളത്തിലെ പ്രഗത്ഭരായ ചാക്യാര്‍മാരുടെ നേതൃത്വത്തില്‍ കൂടിയാട്ടം, സെമിനാറുകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. 19 ന് വൈകീട്ട് 5 മണിക്ക് നടരാജ മണ്ഡപത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ കെ വാസുമാസ്റ്റര്‍ മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി കെ ഹരിഹരകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത മുഖ്യാതിഥിയാകും. ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ കെ മുരളി കലാമണ്ഡലം രാമ ചാക്യാര്‍ക്ക് ആചാര്യവരണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലാമണ്ഡലം രാമചാക്യാര്‍, സംഗീത് ചാക്യാര്‍, പൈങ്കുളം നാരായണ ചാക്യാര്‍, മാര്‍ഗി മധു ചാക്യാര്‍, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, പൊതിയില്‍ നാരായണ ചാക്യാര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്‌ണേന്ദു എന്നിവര്‍ അരങ്ങിലെത്തും. 23 ന് രാവിലെ 10 ന് നടക്കുന്ന സെമിനാര്‍ കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷ വി എസ് രേവതി അധ്യക്ഷയാകുന്ന ചടങ്ങില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ ജി പൗലോസ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള സെഷനുകളില്‍ ഡോ. ഇന്ദു ജി, രതീഷ് ഭാസ്, ഡോ. കെ ബി രാജാനന്ദ്, ഡോ. അപര്‍ണ്ണ നങ്ങ്യാര്‍, കലാമണ്ഡലം സിന്ധു തുടങ്ങിയവര്‍ പ്രബന്ധാവതരണം നടത്തും. ഡിസംബര്‍ 31 ന് കലാമണ്ഡലം ഗോപിയാശാന്റെ സുഭദ്രാഹരണം കഥകളിയും അരങ്ങേറുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി കെ ഹരിഹരകൃഷ്ണന്‍, വി പി ആനന്ദന്‍, കെ കെ ഗോവിന്ദദാസ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ സുഷാകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു