
“സ്വരാജ് ട്രോഫി ലഭിച്ചതാണ്” , മാലിന്യത്തെ കുറിച്ച് ചർച്ച പാടില്ല

ഗുരുവായൂർ : നഗരസഭയുടെ ഇന്ദിര ഗാന്ധി ടൗൺഹാളിനു സമീപത്ത് മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ ചർച്ചക്ക് അവസരം നൽകിയില്ലെന്ന് ആരോപിച്ച് കൗൺസിലിൽ യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്നു.. കെ പി എ റഷീദ് ആണ് മാലിന്യപ്രശ്‌നം കൗൺസിലിൽ ഉന്നയിച്ചത് . പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാലിന്യം നീക്കി കൊണ്ടിരിക്കുന്ന ഘട്ടത്തിലാണെന്നും കൂട്ടിയിട്ടതല്ലെന്നും ചെയർമാൻ വിശദീകരിച്ചു. അതിനാൽ ഇല്ലാത്ത വിഷയത്തിൽ ചർച്ച വേണ്ടെന്നും ചെയർമാൻ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കുത്തിയിരിപ്പ്.

ചക്കംകണ്ടത് ശുചിമുറി മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി ഉടമക്കെതിരെയും ഡ്രൈവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഷഫീർ ആവശ്യപ്പെട്ടു. നേരത്തെ മാലിന്യം തള്ളിയതിന് പിഴ ഈടാക്കിയവരാണ് വീണ്ടും തള്ളാൻ ശ്രമിച്ചതത്രെ. ഇവരിൽ നിന്ന് പിഴ ഈടാക്കി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും ഷെഫീർ ആവശ്യപ്പെട്ടു.
ടൗൺ ഹാളിന് സമീപത്തെ മാലിന്യ കൂമ്പാരം ഉടൻ നീക്കം ചെയ്തില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം ടൗൺ ഹാൾ നവീകരണവുമായി ബന്ധപ്പെട്ട് കാട് വെട്ടി തെളിച്ചപ്പോഴാണ് മാലിന്യ കൂമ്പാരം വെളിച്ചത്തായത്.തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ടൗൺഹാൾ പരിസരത്ത് നിന്ന് ശേഖരിച്ച മാലിന്യവും ഹരിത കർമ്മ സേന ശേഖരിച്ച തരംതിരിച്ച മാലിന്യവുമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നതത്രെ.

ടൗൺഹാളിന് സമീപത്ത് നഗരസഭയുടെ സ്ഥലത്തു തന്നെ 10 അടിയോളം ഉയരത്തിലാണിത്. ഇവിടെ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭ കരാർ നൽകിയിരുന്നതായി പറയുന്നു.. കരാറുകാർ ജൈവ മാലിന്യങ്ങൾ കൊണ്ടുപോയെങ്കിലും അജൈവ മാലിന്യങ്ങൾ ഇവിടെത്തന്നെ ഉപേക്ഷിച്ചു.. മാലിന്യത്തിന്റെ മറവിൽ ലോഡ് കണക്കിന് മണ്ണ് കടത്തിക്കൊണ്ടു പോയതായും കൗൺസിലർമാർ ആരോപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ നഗരസഭയുടെ ഉപയോഗശൂന്യമായ വാഹനങ്ങളും കോൺക്രീറ്റ് മാലിന്യങ്ങളും ഇവിടെ തള്ളിയിട്ടുണ്ട്. .
. മാലിന്യ മുക്ത നഗരത്തിനു സർക്കാരിന്റ സ്വരാജ് ട്രോഫി ലഭിച്ച ത് ഗുരുവായൂർ നഗര സഭക്ക് ആയിരുന്നു . നഗര സഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ ക്ഷേത്ര നടയിൽ തമ്പടിച്ച് , ക്ഷേത്ര ദർശനത്തിനു എത്തുന്ന ആയിരങ്ങളെ നിർബന്ധിച്ചു വോട്ടു ചെയ്യിച്ചാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത് എന്ന ആരോപണം ശക്തമാണ് .