Header 1 = sarovaram
Above Pot

മകന്റെ പ്രണയ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തു , പണം തിരിച്ചു ചോദിച്ചപ്പോൾ ഭീഷണി എന്ന് പിതാവ്

കുന്നംകുളം :മകന്റെ പ്രണയ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി .കുന്നംകുളം കടവല്ലൂര്‍ സ്വദേശിയായ വിമുക്തഭടനാണ് മകന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെതിരേ പോലീസില്‍ തട്ടിപ്പിന് പരാതി നല്‍കിയത്. വര്‍ക്കല സ്വദേശിക്കെതിരെയാണ് പരാതി. സൗഹൃദത്തിലൂടെ മകനുമായി ബന്ധം സ്ഥാപിച്ച യുവാവ് വ്യാജപ്രചാരണങ്ങളിലൂടെ മകനെ പ്രണയത്തില്‍ കുടുക്കുകയായിരുന്നു.

Astrologer

പലതവണയായി പണവും കാറും സ്വര്‍ണാഭരണങ്ങളും അടക്കം തട്ടിയെടുത്തു എന്നിങ്ങനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഓഫീസര്‍ യു.കെ. ഷാജഹാന് നല്‍കിയ പരാതിയില്‍ പിതാവ് പറയുന്നത്. ബിരുദധാരിയായ മകനുമായി 2017ല്‍ ഓണ്‍െലെന്‍ ചാറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാകുകയായിരുന്നു. ഉയര്‍ന്ന സാമ്പത്തിക കുടുംബത്തിലെ അംഗമാണെന്നും സ്വവര്‍ഗ്ഗാനുരാഗിയായതിനാല്‍ ഒറ്റപ്പെടുത്തുകയാണെന്നും പറഞ്ഞ് വിശ്വാസ്വം പിടിച്ചുപറ്റിയെന്ന് പറയുന്നു. ഇതിനിടെ യൂറോപ്പില്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡിക്ക് പ്രവേശനം ലഭിച്ച് മകന്‍ വിദേശത്തുപോയി.

ഈ സമയത്ത് കോവിഡ് ബാധിച്ച് ഒരു കിഡ്‌നി പ്രവര്‍ത്തനരഹിതമാണന്നും ഡയാലിസിസിന് പണം വേണമെന്ന് പറഞ്ഞാണ് പലഘട്ടങ്ങളിലായി പണം തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. ഏക മകന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പലപ്പോഴും പണം നല്‍കിയത്. പണം നല്‍കിയതിനു രേഖകളുമുണ്ട്. കൂടാതെ 2019 ല്‍ ആശുപത്രി യാത്രയ്‌ക്കെന്നു പറഞ്ഞ്, വിമുക്തഭടന്റെ പേരില്‍ വടക്കാഞ്ചേരി ആര്‍.ടി.ഒ. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ബെലനോ കാറും യുവാവ് കൈവശപ്പെടുത്തി. ഉടന്‍ മടക്കിക്കൊണ്ടുവരാമെന്നു പറഞ്ഞ് കൊണ്ടുപോയ കാര്‍ പിന്നീടിതുവരെ കണ്ടിട്ടില്ല.

വീട്ടില്‍വന്ന സമയങ്ങളില്‍ പണയം വയ്ക്കാനായി അഞ്ച് പവന്റെ മാലയും യുവാവ് കൈവശപ്പെടുത്തി. ഇതു കൂടാതെ മകളുടെ രണ്ടു മാല ഇയാള്‍ വീട്ടില്‍നിന്നു മോഷ്ടിച്ചതായും പിതാവ് പരാതിയില്‍ പറയുന്നു. ഇപ്പോള്‍ വീണ്ടും പണം ചോദിച്ച് യുവാവ് ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പണം നല്‍കാതായപ്പോള്‍ വീടുകയറി ആക്രമിച്ച് ഭാര്യയെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിമുക്തഭടന്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു

Vadasheri Footer