മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ.
മുംബൈ: മഹാരാഷ്ട്ര മന്ത്രിയെ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു . മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് ആണ് അറസ്റ്റിലായത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. മന്ത്രിയെ മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വരുത്തിയാണ് നവാബ് മാലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്രമന്ത്രിയാണ് നവാബ് മാലിക്ക്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോർട്ട്. വീട്ടിൽ നിന്ന് രാവിലെ ഏഴ് മണിക്കാണ് മന്ത്രിയെ എൻഫോഴ്സ്മെന്റ് കൊണ്ടുപോയത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരുമായി നവാബ് മാലിക്ക് നടത്തിയ ഭൂമിയിടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.
എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് നടപടിക്കെതിരെ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. മുതിർന്ന മന്ത്രിയും നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് വീട്ടിൽ നിന്ന് കൊണ്ടുപോയ രീതി മഹാരാഷ്ട്ര സർക്കാരിനെ വെല്ലുവിളിക്കുന്നതാണ്. ഒരു കേന്ദ്ര ഏജൻസി സംസ്ഥാനത്ത് വന്ന് ഒരു മന്ത്രിയെ കൊണ്ടുപോയിരിക്കുകയാണ്. 2024ന് ശേഷം ബിജെപിയും അന്വേഷണം നേരിടേണ്ടി വരും അത് മറുന്നുപോകരുതെന്നാണ് സഞ്ജയ് റൗത്തിന്റെ വെല്ലുവിളി