കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പെന്‍ഷന്‍ വാഗ്ദാനംചെയ്ത് മധ്യപ്രദേശിലെ കോൺഗ്രസ് .
ഭോപ്പാല്‍: . കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുവേണ്ടി പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കുമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ്. 28 മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രിക യിലാണ് ഈ വാഗ്ദാനം.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശപ്രകാരമുള്ള വികസന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നത് അടക്കമുള്ള 52 വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ട്. താങ്ങുവില ഉറപ്പാക്കി കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കും, വൈദ്യുതി ചാര്‍ജ് കുറയ്ക്കും, പലിശ രഹിത കാര്‍ഷിക വായ്പകള്‍ അനുവദിക്കും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റുവാഗ്ദാനങ്ങള്‍.
നവംബര്‍ മൂന്നിനാണ് 20 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആരോപിച്ചു. ചൈനയെന്നും പാകിസ്താനെന്നും പറഞ്ഞുകൊണ്ട് യാഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ബിജെപി ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.