Header 1 = sarovaram
Above Pot

റോഡ് സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ : മന്ത്രി എ കെ ശശീന്ദ്രന്‍

തൃശൂർ : റോഡ് സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്‍ര് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് സുരക്ഷ സംബന്ധിച്ച ഉതകണ്ഠകളാണ് ഇന്ന് നമ്മെ അലട്ടുന്നത്. വര്‍ഷം തോറും 41000 മുതല്‍ 45000 വരെ റോഡപകടങ്ങള്‍ സംസ്ഥാനത്തുണ്ടാകുന്നു. ഇതില്‍ 10 ശതമാനം പേരും കൊല്ലപ്പെടുന്നു. ഈ പത്ത് ശതമാനത്തില്‍ അറുപത് ശതമാനം പേരും 18 നും 35 നും ഇടയില്‍ പ്രായമുളളവരാണ്. റോഡില്‍ പൊലിയുന്ന യുവത്വത്തിന്‍റെ നഷ്ടമോര്‍ത്ത് ആകുലരാവുകയാണ് നമ്മള്‍. ജനങ്ങള്‍ക്ക് സുരക്ഷാ ബോധത്തോടെ പൊതുഇടങ്ങളില്‍ സഞ്ചരിക്കാനുളള സ്വാതന്ത്ര്യവും സുരക്ഷിതത്വവും വേണം. അതിനാണ് സെയ്ഫ് കേരള പദ്ധതിക്ക് രൂപം നല്‍കിയത്. 2020 ഓടെ റോഡപകട നിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അത് നടപ്പില്‍ വരുത്താനും പാസിങ് ഔട്ട് പ്രതിജ്ഞ പാലിക്കാനും ഓരോ അസിസ്റ്റന്‍റ് എം വി ഐ യും ജാഗ്രത കാട്ടണം. മന്ത്രി പറഞ്ഞു.

Astrologer

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യ, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ പി എസ് ഗോപി, പി കെ മധു, റെജി ജേക്കബ്, കെ കെ അജി, മനോജ് കുമാര്‍, ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വി സുരേഷ്കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം പി അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല്‍പത്തി ഒന്ന് അസിസ്റ്റന്‍റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയത്. ഇതില്‍ 33 പേര്‍ എഞ്ചിനീയറിങ് ഡിപ്ലോമയും ഒരാള്‍ പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമയും ഒരാള്‍ എഞ്ചിനീയറിങ് ബിരുദവും എം ബി എ യും ആറ് പേര്‍ ബിരുദവും ഡിപ്ലോമയും നേടിയവരുമാണ്. പരിശീലനത്തില്‍ മികച്ച ഇന്‍ഡോറും ഓള്‍ റൗണ്ടറുമായി തെരഞ്ഞെടുത്ത പി അസ്സര്‍ മുഹമ്മദ്, മികച്ച ഔട്ട് ഡോര്‍ ആയ വി പി രാജേഷ്, മികച്ച നീന്തല്‍ക്കാരനായ അയ്യപ്പ ജ്യോതിസ് എന്നിവര്‍ക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ പുരസ്ക്കാരങ്ങള്‍ നല്‍കി.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പില്‍ പുതുതായി സൃഷ്ടിച്ച 65 എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ഓരോ ജില്ലയിലും ഓരോ എന്‍ഫോഴ്സമെന്‍റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തസ്തിക നിലവില്‍ വരും. പദ്ധതിയുടെ ഭാഗമായി 187 അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും. മൂന്ന് മാസത്തെ പരിശീലനത്തില്‍ റോഡ് സുരക്ഷ, എന്‍ഫോഴ്സമെന്‍റ്, സി ആര്‍ പി സി, ഐ പി സി, തെളിവ് നിയമം, മനുഷ്യാവകാശം, കമ്പ്യൂട്ടര്‍, വാഹനഗതാഗത നിയമങ്ങള്‍, വാഹനനികുതി നിയമങ്ങള്‍, ഫോറന്‍സിക് സയന്‍സ്, നീന്തല്‍, യോഗ, കരാട്ടെ, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Vadasheri Footer