ലൗ ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമായി നിലനിൽക്കുന്നു : തലശേരി അതിരൂപത
കണ്ണൂർ: ലൗ ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമായി നിലനിൽക്കുന്നുവെന്ന് തലശേരി അതിരൂപത. കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രൂപതയുടെ പരാമർശം. ഇത് കേവലം ഇസ്ലാം- ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല ഇത്. ഒരു സാമൂഹിക പ്രശ്‌നമായി ഉയർന്നിരിക്കുന്നു. മതാന്തര വിവാഹങ്ങളെല്ലാം ലൗ ജിഹാദ് ആണെന്ന് കരുതുന്നില്ലെ. ചില നിക്ഷിപ്ത താത്പര്യക്കാരാണ് ലൗ ജിഹാദിന് പിന്നിലെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. തിരുവമ്പാടി മിശ്രവിവാഹത്തിൽ മാതാപിതാക്കളുടെ ആശങ്കയ്ക്കൊപ്പമാണ് സഭയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ വിവാദത്തിന് പിന്നിലെ നിക്ഷിപ്ത താത്പര്യക്കാരുടെ കാര്യം കൂടി പരിഗണിക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
അതെ സമയം കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ മുഖ പ്രസംഗവുമായി ദീപിക ദിനപത്രം. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും തന്നെ ചിന്തിക്കണമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. കോടഞ്ചേരിയിലേത് നിഷ്കളങ്ക പ്രണയമാണോ എന്ന് സംശയമുണ്ടെന്നും ജോയ്‌സ്‌നയുടെ വിഷയത്തിൽ ഉള്ള ദുരൂഹത മറനീക്കണമെന്നും പറയുകയാണ്.
അതോടൊപ്പം തന്നെ ഈ വിഷയത്തിൽ സി പി എം ഇടപെടലിനെയും എഡിറ്റോറിയൽ വിമർശിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ജോയ്‌സ്‌നയുടെ മാതാപിതാക്കളുടെ പക്ഷത്ത് നിന്നുകൊണ്ടാണ് എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. ജോയ്‌സനയുടെ കുടുംബത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം എന്നും ജോയ്‌സനയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയിക്കുന്ന സാഹചര്യമുണ്ട് എന്നും കുടുംബത്തെ ഭയചകിതരാക്കുന്നതാണോ മതേതരത്വമെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുകയുണ്ടായി.
ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമ്പോൾ മാതാപിതാക്കളെ അറിയിക്കേണ്ടെന്നും, പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സി പി എമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണെന്നാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. ദുരൂഹ വിവാഹമാണോ മതേതരത്വമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുകയാണ്. മകളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്. മുസ്ലിം യുവാക്കൾ ഉൾപ്പെട്ട മിശ്വിവാഹം ആശങ്കയുണ്ടാക്കുന്നു. ഈ ആശങ്ക ക്രിസ്ത്യൻ സമുദായത്തിന് മാത്രമല്ലെന്നും എല്ലാ സമുദായങ്ങളും ഒരുമിച്ച് നിന്ന് ചിന്തിക്കേണ്ട കാര്യമാണെന്നും ദീപിക എഡിറ്റോറിയലിൽ പറയുകയാണ്.
കൂടാതെ മിശ്രവിവാഹങ്ങളിൽ ഉണ്ടാകുന്ന സഭയുടെ ആശങ്കയും ഇതിൽ പങ്കുവയ്ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഐഎസിൽ ചേർന്ന മലയാളി യുവതികളുണ്ട്. ക്രൈസ്തവർക്ക് മാത്രമല്ല മറ്റു മതവിഭാഗങ്ങൾക്കും ഇത്തരത്തിൽ ആശങ്കയുണ്ട് എന്ന് പറയുന്നതിന് പിന്നാലെ മുൻ മന്ത്രി കെ.ടി ജലീലിനെയും മുഖപ്രസംഗം വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്. ചില മിശ്രവിവാഹങ്ങൾ മാത്രം എന്തുകൊണ്ട് ചർച്ചയാവുന്നുവെന്ന് ജലീൽ ചിന്തിക്കണമെന്നും മുഖപ്രസംഗം പറയുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് ഇടയാക്കിയത് അത്ര നിഷ്‌കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകൾ സംശയിക്കുന്നുണ്ട്. പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത് എന്നും കടുപ്പിച്ച് പറയുകയാണ്.
സമൂഹത്തിൽ ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങൾ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേർക്കാറുള്ളത്. അങ്ങനെ എന്തെങ്കിലുമാണോ തങ്ങളുടെ മകൾക്കും സംഭവിച്ചതെന്ന് അന്വേഷിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലേ എന്നും മുഖപ്രസംഗം കണ്ണടച്ച് ചോദിക്കുകയാണ്. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്ക ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികൾ പഴികേൾക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ഇതിനിടെ ജോയ്സ്നയെ യുവാവിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കോടഞ്ചേരി സ്വദേശി ജോയ്സ്നയുടെ അച്ഛൻ ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചു.
ഷെജിനൊപ്പം ഹൈക്കോടതിയിലെത്തിയ ജോയ്സന നിലപാട് ആവർത്തിച്ചു. മാതാപിതാക്കളെ കാണാൻ തത്കാലം ആഗ്രഹിക്കുന്നില്ല,സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോകുന്നത് എന്ന് ജോയ്സ്ന അറിയിച്ചു. ജോയ്സനയെ കേട്ട കോടതി ഉടൻ ഹർജി തീർപ്പാക്കി പെൺകുട്ടിയുടെ തീരുമാനം അംഗീകരിച്ചു. വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും അച്ഛൻ ജോസഫ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. 26വയസ്സുള്ള ജോയ്സ്ന വിദേശത്തടക്കം ജോലി ചെയ്ത് ലോകം കണ്ട വ്യക്തിയാണ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷെജിനുമായി വിവാഹിതയായ ജോയ്സന നിയമവിരുദ്ധമായി കസ്റ്റഡിയിലാണെന്നും പറയാനാകില്ല. അതിനാൽ വ്യക്തിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ പരിധി ഉണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സി എസ് സുധ, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.
ജോയ്സ്നയെ ഇനി കാണണമെന്നില്ലെന്ന് പിതാവ് ജോസഫ് പറഞ്ഞു. മകളെ കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകന്മാരുടെ അടുത്തേക്ക് ആണ് പോയത് എന്നും ജോസഫ് പ്രതികരിച്ചു.