ലോട്ടറി അടിച്ചെന്ന് കരുതി പിണറായി അഹങ്കരിക്കരുത് :കെ മുരളീധരൻ
തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയൻ അഹങ്കരിക്കേണ്ടെന്ന് കെ.മുരളീധരൻ. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകർന്ന് പോവുന്ന പാർട്ടിയല്ല കോൺഗ്രസ്. ഇതിലും വലിയ വീഴ്ചകളിൽ നിന്ന് കോൺഗ്രസ് കരകയറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിൽ മുഖ്യമന്ത്രിക്കാണ് വലിയ ദുഃഖമെന്നും മുരളീധരൻ പരിഹസിച്ചു. ബി.ജെ.പി വോട്ട് കുറഞ്ഞ ഇടങ്ങളിൽ എൽ.ഡി.എഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം.
പഞ്ചാബിൽ ഇന്ന് കോൺഗ്രസിന്‍റെ ശക്തമായ സർക്കാറുണ്ട്. പക്ഷേ, സി.പി.എമ്മിന്‍റെ സ്ഥിതി അതല്ല. മുപ്പത് വർഷം ഭരിച്ച ബംഗാളിൽ അവർക്ക് ഒരു എം.എൽ.എ പോലുമില്ലെന്ന് ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു
അദ്ദേഹം.ബി.ജെ.പിയുടെ അക്കൗണ്ട് േക്ലാസ് ചെയ്യാനും സീറ്റ് പിടിച്ചെടുക്കാനുമാണ് എന്നെ നേമത്തേക്ക് പാർട്ടി നിയോഗിച്ചത്. അക്കൗണ്ട് േക്ലാസ് ചെയ്യാനായി. സീറ്റ് പിടിച്ചെടുക്കാനായില്ല. 2016ൽ നിന്ന് 2021 ൽ എത്തിയപ്പോൾ നേമത്ത് എൽ.ഡി.എഫിന് 3305 വോട്ട് കുറയുകയാണുണ്ടായത്. ബി.ജെ.പിക്ക് 15925 വോട്ടും കുറഞ്ഞു. യു.ഡി.എഫിന് 22,664 വോട്ട് കൂടുകയാണുണ്ടായത്. ബി.ജെ.പി സ്വാധീന മേഖലയിൽ മുന്നേറ്റമുണ്ടാക്കാനായി.
എന്നാൽ, ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് അനുകൂലമാക്കാനായില്ല. എസ്.ഡി.പി.ഐ പോലുള്ള സംഘടനകളെ ഉപയോഗിച്ച് സംശയം ജനിപ്പിച്ചത് ന്യൂനപക്ഷ ഏകീകരണം ഇടതുപക്ഷത്തിന് അനുകൂലമാകാൻ കാരണമായി. എസ്.ഡി.പി.ഐ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടു മറിച്ചുവെന്ന് അവർ തെന്ന പറഞ്ഞതാണ്.ഒരു എം.എൽ.എ പോലും ബി.ജെ.പിക്ക് ഇല്ലാതാകുന്നതിൽ വ്യക്തമായ പങ്കുവഹിച്ചത് യു.ഡി.എഫാണ്. ഞങ്ങൾക്കതിൽ സന്തോഷമുണ്ട്.
നേമത്ത് ഞങ്ങൾ വോട്ട് സമാഹരിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്തും പാലക്കാടും അവരെ തോൽപിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയതെന്നും കെ. മുരളീധരൻ പറഞ്ഞു.ബി.ജെ.പിയെ കാണിച്ച് ഭയപ്പെടുത്തി ന്യൂനപക്ഷങ്ങളെ ആകർഷിക്കുകയും മറുഭാഗത്ത് ബി.െജ.പി വോട്ടുകൾ വാങ്ങുകയുമാണ് ഇടതുപക്ഷം ചെയ്തത്. വത്സൻ തില്ലേങ്കരിയെ പോലുള്ളവർ ഇതിന് ഇടനിലക്കാരായി നിന്നു. ഇടതുപക്ഷം ഇപ്പോൾ ആഗ്രഹിക്കുന്നത് കോൺഗ്രസിന്‍റെ തകർച്ചയും ബി.ജെ.പിയുടെ വളർച്ചയുമാണ്.
എന്നാൽ, ബി.ജെ.പി ഇനി വളരില്ല. ഡൽഹിയിൽ അവരുടെ കഷ്ടകാലം തുടങ്ങുകയാണ്. പിന്നെ കേരളത്തിലെ കാര്യം പറയേണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.സമുദായ നേതാക്കൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും വിമർശിക്കുന്നവരെ മുഴുവൻ അപഹസിച്ചുകൊണ്ടാണ് രണ്ടാം പിണറായി സർക്കാർ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകും.
ന്യൂനപക്ഷ വോട്ടുകൾ എന്തുകൊണ്ട് യു.ഡി.എഫിന് എതിരായി കേന്ദ്രീകരിച്ചുവെന്ന് പരിശോധിക്കും. വീഴ്ചകൾ വിലയിരുത്താൻ രാഷ്ട്രീയ കാര്യ സമിതി ഉടൻ ചേരുന്നുണ്ട്. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കോൺഗ്രസിന്‍റെ തകർച്ച ആരും സ്വപ്നം കാണ്ടേണ്ടെന്നും മുരളീധരൻ പറഞ്ഞു.