ലൈഫ് ഭവന പദ്ധതില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് അവസരമൊരുക്കി ചാവക്കാട് നഗരസഭ

">

ചാവക്കാട് : ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടാതെ പോയ പ്രദേശത്തെ 88 പട്ടികജാതി ഗുണഭോക്താക്കളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ചാവക്കാട് നഗരസഭ തീരുമാനിച്ചു. നഗരസഭ അധ്യക്ഷന്‍ എന്‍ കെ അക്ബറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അപേക്ഷ നല്‍കിയിട്ടും ലിസ്റ്റില്‍ പെടാതെ പോയ 88 ഗുണഭോക്താക്കള്‍ക്കാണ് വീണ്ടും അവസരമൊരുങ്ങുന്നത്.

നഗരസഭ വികസനത്തിനായി വിവിധ പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പുതിയറ മൂവിങ് ബ്രിഡ്ജ്, സൈഫുള്ള റോഡ്, പുത്തന്‍കടപ്പുറം സെന്റര്‍, പുതിയപാലം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, നഗരസഭ അതിര്‍ത്തി പ്രദേശങ്ങള്‍, സെക്രട്ടറി ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും. തെരുവ് കച്ചവടക്കാരുടെ പുനരധിവാസത്തിനും ജീവനോപാധി സംരക്ഷിക്കുന്നതിനുമായി തെരുവ് കച്ചവട സമിതി രൂപീകരിക്കാനും തീരുമാനമായി.

ശുചിത്വ മിഷന്‍ അനുവദിച്ച 3.60 ലക്ഷം വിനിയോഗിച്ച് താലൂക്ക് ഓഫീസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പോലീസ് സ്റ്റേഷന്‍, വില്ലേജ് ഓഫീസ്, ജയില്‍ കെട്ടിടം എന്നിവയുടെ മതില്‍ പെയിന്റ് ചെയ്ത് ശുചിത്വ സന്ദേശം ആലേഖനം ചെയ്ത് നഗരം സൗന്ദര്യവല്‍ക്കരിക്കാനും തീരുമാനിച്ചു. നഗരസഭയിലെ 5, 10, 22, 27 എന്നീ വാര്‍ഡുകളിലെ പൊതുവഴി നിയമപ്രകാരം ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകള്‍നിലയില്‍ പണി പൂര്‍ത്തിയാക്കിയ ഹാളിന് ചാവക്കാട് നഗരസഭ പ്രഥമ കൗണ്‍സിലറും ആക്ടിങ് ചെയര്‍മാനുമായിരുന്ന എന്‍ വി സോമന്റെ പേര് നല്‍കാനും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ എച്ച് സലാം, എ എ മഹേന്ദ്രന്‍, എം ബി രാജലക്ഷ്മി, സഫൂറ ബക്കര്‍, എ സി ആനന്ദന്‍, മറ്റ് നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors