Header 1 = sarovaram
Above Pot

ലൈഫ് മിഷന്, അന്വേഷിച്ചാലല്ലേ സത്യം കണ്ടെത്താനാകൂ-സുപ്രീം കോടതി

ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് ആണ് കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലും കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയാണ് നോട്ടീസിന് മറുപടി നല്‍കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

Astrologer

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ  അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. വി വിശ്വനാഥ് വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയും എന്‍ഐഎയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനായി സംസ്ഥാനങ്ങളില്‍ എത്തുന്നത് ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യം കോടതി പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പദ്ധതിക്ക് വിദേശ സംഭാവന സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വാങ്ങിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കരാറുകാരായ യൂണിടാകാണ് പണം സ്വീകരിച്ചതെന്ന് ഹൈക്കോടതി വിധിയില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. അത് സംസ്ഥാന വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. പൊതു അനുമതിയുണ്ടെന്നാണ് സിബിഐയുടെ വാദമെങ്കിലും അതു പിന്‍വലിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസ് റെജിസ്റ്റര്‍ ചെയ്തത്. ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥും സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശും വാദിച്ചു.

സര്‍ക്കാര്‍ പരിപാടി ആയതിനാലല്ലേ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശത്ത് നിന്ന് പണം ലഭിച്ചതെന്ന് വാദത്തിനിടയില്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ആരാഞ്ഞു. നിലവില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ടല്ലേ ഉള്ളു? അന്വേഷണം പൂര്‍ത്തിയായാല്‍ അല്ലേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുകയുള്ളുവെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അശോക് ഭൂഷണ്‍ ആരാഞ്ഞു. 

ലൈഫ് മിഷന്‍ പദ്ധതിക്ക് എതിരായ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ കോടതി നോട്ടീസ് അയച്ചാല്‍ അതില്‍ തീരുമാനം ഉണ്ടാകുന്നത് വരെ അന്വേഷണം മരവിപ്പിച്ച് നിർത്താറാണ് പതിവ്. 

                                                                                                                            

സമീപകാലത്ത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന പ്രമാദമായ ഭൂരിപക്ഷം കേസുകളിലും നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് സിബിഐയുടെ അഭിഭാഷകര്‍ ഹാജരായി അതിനെ ശക്തമായി എതിർക്കാറാണ് പതിവ്. എന്നാല്‍ ലൈഫ് മിഷന്‍ കേസില്‍ ആദ്യ ദിവസം സി ബി ഐ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല.  നോട്ടീസ് ലഭിച്ച ശേഷം മാത്രം ഹാജരായാല്‍ മതി എന്നതിനാല്‍  സാങ്കേതികമായി സി ബി യുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്ന് പറയാന്‍ കഴിയില്ല എന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലൈഫ് മിഷന്‍ ഹര്‍ജിക്ക് തൊട്ട് പിന്നാലെ കോടതി പരിഗണിച്ച കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുകയും ചെയ്തിരുന്നു.

Vadasheri Footer