Header Saravan Bhavan

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ്റ ദേഹവിയോഗത്തിന് ഇന്ന് പ്രഥമ ദശക പൂർത്തി

Above article- 1

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ്റ ദേഹവിയോഗത്തിന് ഇന്ന് പ്രഥമ ദശക പൂർത്തി*
കർമ്മകുശലതയും നിശ്ചയദാർഢ്യവും ഒരേയളവിൽ സമന്വയിച്ച അപൂർവ്വ വ്യക്തിത്വത്തിനുടമയാനുടമയായിരുന്നു ലീഡർ എന്ന അപരനാമത്തിൽ ഖ്യാതി കേട്ട കെ.കരുണാകരൻ.1918 ജൂലൈ 5ന് ഇപ്പോഴത്തെ കണ്ണൂർ ജില്ലയിലെ ചിറക്കലിൽ ജനിച്ച കെ.കരുണാകരൻചിത്രകലയഭ്യസിക്കുകയെന്ന ലക്ഷ്യവുമായാണ് തൃശൂരിൽ എത്തിയ ത് എങ്കിലും തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ വിരാജിച്ചതാണ് അദ്ദേഹത്തോടൊപ്പം കേരളത്തിൻ്റെയും ചരിത്രം.അസംഘടിതമേഖലയിലെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിക്കൊണ്ട് തൊഴിലാളി നേതാവിൻ്റെ മേലങ്കിയണിഞ്ഞായിരുന്നു കെ.കരുണാകരൻ്റെ രാഷ്ട്രീയരംഗപ്രവേശം.11ാം വയസ്സിൽ മഹാത്മാഗാന്ധിയെ കണ്ടതിലൂടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായ വിദ്യാർത്ഥിയുടെ കൂടുതൽ സമരോത്സുകമായ പരിണാമമാണ് തൃശൂരിൽ യാഥാർത്ഥ്യമായത്.
അർപ്പണബോധത്തോടെയുള്ളചിട്ടയായ പ്രവർത്തനത്തിലൂടെ നേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ലീഡർ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത് 1945ൽതൃശൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ചു കൊണ്ടാണ്. അവിടെ നേടിയ വിജയം, പിന്നീട് കൊച്ചി നിയമസഭയിലേയ്ക്കും തിരുക്കൊച്ചി നിയമസഭയിലേക്കും ഐക്യകേരള മുടലെടുത്തപ്പോൾ കേരള നിയമസഭയിലേക്കും രാജ്യസഭയിലേക്കും ലോക്സഭയിലേക്കു മെല്ലാമുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു. ഈ നിയമനിർമ്മാണ സഭകളിലെല്ലാം അംഗമായഏക കോൺഗ്രസ്സ് നേതാവും കെ.കരുണാകരൻ മാത്രമാണ്. നാലു തവണ മുഖ്യമന്ത്രിയായും മൂന്നു തവണ പ്രതിപക്ഷ നേതാവായും ഒരേ പോലെ തിളങ്ങാൻ കഴിഞ്ഞ ലീഡർ കോൺഗ്രസ്സ് വർക്കിങ്ങ് കമ്മിറ്റി അംഗമായും പാർളമെൻ്റ് ബോഡ് മെമ്പറായും സംഘടനയുടെ നയരൂപീകരണ സമിതിയിൽ തൻ്റേതായ പങ്കുവഹിച്ചു.
കോൺഗ്രസ്സിൻ്റെ കഥ കഴിഞ്ഞുവെന്ന് എതിരാളികൾ ഘോഷിച്ച 1967ൽ കേവലം 9 അംഗങ്ങളിലേക്ക് ചുരുങ്ങിയ കോൺഗ്രസ്സ് പാർളമെൻ്ററി പാർട്ടി നേതൃത്വത്തിലെത്തിയ കെ.കരുണാകരൻ, 3 വർഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അംഗബലം 32 ലേക്ക് ഉയർത്തിക്കൊണ്ട് കേരളത്തിലെ സമാധാനകാംക്ഷികളായ ജനസാമാന്യത്തിൻ്റെയെന്ന, പോലെ ഹൈക്കമാണ്ടിൻ്റെയും കണ്ണിലുണ്ണിയായിത്തീർന്നു.പിന്നീട് അച്ചുതമേനോൻ മന്ത്രിസഭയിൽ കോൺഗ്രസ്സ് ചേർന്നപ്പോൾ ആഭ്യന്തര മന്ത്രിയായ ലീഡർ തന്നെയായിരുന്നു “ഡീ ഫാക്ടോ ചീഫ് മിനിസ്റ്റർ”.
പിൽക്കാലത്ത് കോൺഗ്രസ്സ് നേതൃത്വം ഏറെ പഴി കേട്ട അടിയന്തിരാവസ്ഥയിൽ, ഉത്തരേന്ത്യയിലും മറ്റിടങ്ങളിലുമുണ്ടായ അത്യാചാരങ്ങൾ, കേരളത്തിൽ ഇല്ലാതെ പോയതിനും (രാജൻ കേസ് വിസ്മരിക്കുന്നില്ല) കാരണം ഹൃദയത്തിൽ നന്മ കുടികൊള്ളുന്ന ജനകീയനായ ലീഡറുടെ നേതൃത്വപരമായ കഴിവു് ഒന്നു മാത്രമായിരുന്നു. തൻ്റെ നേതാവായ ഇന്ദിരാ പ്രിയദർശിനിയെപ്പോലെ, ജനങ്ങളോടിഴുകിച്ചേരാനുള്ള സവിശേഷമായ കഴിവു മൂലം വീഴ്ചയിൽ നിന്ന് വാഴ്ചയിലേക്കുള്ള ദൂരംലീഡറെ സ്സംബന്ധിച്ചിടത്തോളം തുലോം കുറവായിരുന്നു.
അത്രമേൽ, തൻ്റെ അനുയായികളുമായി ബന്ധം നിലർത്താനും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനുള്ള ആർജ്ജവവും കൂടെയുള്ളവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാനുള്ള ധൈര്യവും തന്നെയാവാം ഒരു വേള അദ്ദേഹത്തിന് വിനയായതും. ജ്ഞാത ശത്രുക്കളെക്കാളും അജ്ഞാത മിത്രങ്ങളാൽ ശരവ്യ നായ നേതാവാണല്ലോ കെ.കരുണാകരൻ! തൻ്റെമേൽ ആരോപണങ്ങൾ ഉയർന്നപ്പോൾ, ഒരിക്കൽ പോലും സഹപ്രവർത്തകരെ ബലിയാടാക്കി രക്ഷപ്പെടുവാൻ കെ.കരുണാകരൻ മുതിർന്നില്ലെന്നതിന് കാലം സാക്ഷി.
ഭരണ രംഗത്ത് നിന്ന് മാറ്റി നിറുത്തപ്പെട്ട സംഘടനയുടെ നേതാവായി വരുമ്പോൾ, ദീർഘദർശിയായ ലീഡർക്കറിയാമായിരുന്നു, മുന്നോട്ടുള്ള അധികാര വഴികളുടെ മച്ചിലേക്കെത്തുവാൻ മുന്നണി ബന്ധത്തിൻ്റെ ഏണിപ്പടികൾ കൂടിയേ കഴിയൂ എന്ന്. പ്രഗത്ഭമതികളായ സമശീർഷരുമായുള്ള നിരന്തര കൂടിയാലോചനകളുടെ ഫലശ്രുതിയാണ് ഐക്യജനാധിപത്യ മുന്നണിയുടെ പിറവി.പുറമെനിന്ന് അച്യുതമേനോൻ മന്ത്രിസഭയെ പിന്തുണച്ചപ്പോഴും മന്ത്രിസഭയുടെ അവിഭാജ്യ ഘടകമായി കോൺഗ്രസ്സ് മാറിയപ്പോഴും മുന്നണി മര്യാദകൾ പാലിക്കുന്നതിലും കാലാന്തരത്തിൽ, ശത്രുപാളയത്തിലേക്ക് ചേക്കേറിയ വരെ തിരിച്ചെത്തിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിലും ശത്രു നിരയിലെ സാരഥികളെ യഥാവിധി തൻ്റെ പാളയത്തിലെത്തിച്ച്, അപ്രതീക്ഷിത പ്രഹരത്തിലൂടെ ശത്രുപക്ഷത്തെ അസ്തപ്രജ്ഞരാക്കുന്നതിനും ലീഡർ പ്രദർശിപ്പിച്ച വൈദഗ്ദ്യം അനുപമമാണ്. ഘടകകക്ഷികളാൽ നിയന്ത്രിക്കപ്പെടുന്ന മുന്നണി എന്ന് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണി ഇപ്പോൾ വിമർശിക്കപ്പെടുമ്പോൾ, കാറും കോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിൽ എത്രമാത്രം കൗശലവും
തന്ത്രജ്ഞതയുമാണ്, ലീഡർ അന്നാളുകളിൽ പ്രദർശിപ്പിച്ചിരുന്നത് എന്ന് കേരളം വിസ്മയിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. കണ്ണിറുക്കേണ്ടിടത്ത് കണ്ണിറുക്കിയും കണ്ണരുട്ടേണ്ടിടത്ത് കണ്ണുരുട്ടിയും സംഘടനയുടെയും മുന്നണിയുടെയും താത്പര്യ സംരക്ഷകനാകാൻ ലീഡർക്കായത്, കൂർമ്മബുദ്ധിയിലൂടെയും ലാളിത്യത്തിലൂടെയും കാര്യങ്ങളെ വീക്ഷിക്കാനുള്ള സഹജവാസന കൊണ്ടും മുള്ളിനെ മുള്ളുകൊണ്ടെടുക്കാനുള്ള അവധാനതകൊണ്ടുമാണ്.
ഒരു സന്നിഗ്ദ ഘട്ടത്തിൽ,തൻ്റെ മന്ത്രിസഭയെ നിലനിറുത്താൻ ഇറങ്ങിയ അഭ്യുദയകാംക്ഷിയുടെ പ്രലോഭനങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞു കൊണ്ട് പ്രലോഭനത്തെ അതിജീവിച്ച ആദർശധീരനായ സാമാജികനെ പിന്നീട് കണ്ടപ്പോൾ ചുമലിൽ തട്ടി അഭിനന്ദിക്കാൻ കഴിയുന്നത്ര ഹൃദയ നൈർമല്യം പ്രദർശിപ്പിച്ചയാളാണ് ലീഡർ. തന്നെ, കരിങ്കാലി എന്നു വിളിച്ചാക്ഷേപിച്ചവരോടും വൈരനിര്യാതനബുദ്ധിയോടെ ഒരിക്കലും പെരുമാറിയിട്ടില്ലെന്നും ജനാധിപത്യ കേരളത്തിൻ്റെ നിലനില്പിന് പാരസ്പര്യം അനിവാര്യമാണെന്ന പക്ഷക്കാരനായിരുന്നു കെ.കരുണാകരൻ എന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി,വിദ്യാർത്ഥിയായിരിക്കെത്തന്നെ തൻ്റെ ജാതിപ്പേര് ഒഴിവാക്കി പൊതുപ്രവർത്തന രംഗത്തിറങ്ങിയപ്പോൾ,കൈരളി ഒരിക്കലും വിചാരിച്ചു കാണില്ല, ഇത് തൻ്റെ ഭാഗധേയം നിർണ്ണയിക്കുവാൻ പോരുന്ന ഒരു ഭരണാധികാരിയുടെ ഉദയമായിരിക്കുമിതെന്ന്! വർഗ്ഗീയ ഫാഷിസ്റ്റ്കൾക്കും രാഷ്ട്രീയ ഫാഷിസ്റ്റ്കൾക്കുമെതിരിൽ ദ്വിമുഖ പോർക്കളത്തിൽ ഇന്ന് കോൺഗ്രസ്സ് പോരിനിറങ്ങുമ്പോൾ, സാങ്കേതികത്വത്തേക്കാൾ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയുള്ള ലീഡറുടെ പ്രവർത്തന ശൈലി സ്മരിക്കപ്പെടുന്നത് സ്വാഭാവികമാണ്. മന്ത്രിസഭയെയും മുന്നണിയെയും ബാധിയ്ക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, സർവ്വകലാശാലാ വിജ്ഞാനമൊന്നുമില്ലാതെത്തന്നെ, രാഷ്ട്രമീമാംസയുടെ മർമ്മമറിഞ്ഞുള്ള പൂഴിക്കടകൻ പ്രയോഗത്തിൽ തൻ്റെ ഗുരുവായ പനമ്പിള്ളിയെപ്പോലും കടത്തിവെട്ടുന്ന പാടവം പലതവണ പ്രദർശിപ്പിച്ചിട്ടുള്ള ലീഡർ പക്ഷെ, രാജീവ് ഗാന്ധി രക്തസാക്ഷിത്വാനന്തരമുണ്ടായ ശൂന്യതയെ പ്രായോഗികതയിലേക്ക് പരിവർത്തിപ്പിച്ചതിൽ നൂറു ശതമാനം വിജയിച്ചുവെന്നാലും ആ ചാണക്യ തന്ത്രത്തിന് അദ്ദേഹത്തിന് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു.
തൻ്റെ മേൽ, നിഷ്ഠുരമായ രീതിയിൽ രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ടപ്പോഴും ഒട്ടും പതറാതെയും കൂടെ നിൽക്കുന്നവരെ തള്ളിപ്പറയാതെയും സ്വയം നഷ്ടസന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് വിരിമാറ് കാട്ടിയ പോരാളിയായ ലീഡർ, വൈകി വരുന്ന നീതി അനീതി തന്നെയാണെന്ന അനുഭവസാക്ഷ്യം നൽകിയാണ് നമ്മോട് വിട പറഞ്ഞത്.
തൻ്റെ വിശ്വാസത്തിൽ അണുവിട മായം ചേർക്കാത്ത ശ്രീകൃഷ്ണ ഭക്തനായി സർവ്വരുടെയും ആദരവ് പിടിച്ചുപറ്റാനും ലീഡർക്കായി എന്നത് അത്ഭുതകരമാണ്. കാർക്കശ്യക്കാരനായ ഭരണാധികാരിയായിരിക്കുമ്പോഴും തൻ്റെ വാത്സല്യനിധികളായ പേരമക്കളുടെ നിസ്സാര ആവശ്യങ്ങൾ പോലും നിവൃത്തിക്കുന്ന മുത്തച്ഛനാവാനും, തൻ്റെ ശ്രേയസ്സിനായി സമർപ്പിത ജീവിതം നയിച്ച സഹധർമ്മിണിയുടെ വിയോഗാനന്തരം ഭക്ഷണത്തളികയിൽ ഒരുരുള ചോറ് നീക്കിവെച്ച് ഭക്ഷണം തുടങ്ങുന്ന ഉത്തമ ഭർത്താവായി ഹൃദയെെക്യം പ്രാപിക്കുവാനും മരണം വരെ ലീഡർക്കായി. തൻ്റെ നേതാവായിരുന്ന ഇന്ദിരാജിയുടെ രക്തസാക്ഷിത്വാനന്തരം ഭക്ഷണത്തളികയിൽ നിന്ന് അവർക്കേറെ ഇഷ്ടപ്പെട്ട കദളിപ്പഴം ഒഴിവാക്കിയും ലീഡർ മനുഷ്യൻ എന്ന പദത്തിന് മൂർത്തീമദ്ഭാവം നൽകുവാൻശ്രദ്ധിച്ചു.
എണ്ണിയാലൊടുങ്ങാത്ത,കേരള വികസനത്തിൻ്റെ അഭിമാനസ്തംഭങ്ങൾ സംഭാവന ചെയ്ത, നാമിന്നനുഭവിക്കുന്ന പരിഷ്കൃത കേരളത്തിൻ്റെ ഉപജ്ഞാതാക്കളിൽ പ്രഥമഗണനീയനായ ലീഡർ കെ.കരുണാകരന്, അർഹിക്കുന്ന ആദരവ് അർപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നത് അവിതർക്കിതമാണ്. പിച്ചതെണ്ടിയാണോ എയർപോർട്ട് പണിയുന്നത് എന്നു പരിഹസിച്ചവരെയും തൻ്റെ നെഞ്ചിൽകൂടിയാവുമിതിൻ്റെ റൺവേ പണിയാൻ എന്ന് ഭീഷണി മുഴക്കിയ വികസന വിരോധികളായ അന്നത്തെ യുവ നേതൃത്വത്തിൻ്റെ വെല്ലുവിളികളെയും തൃണവൽഗണിച്ചു കൊണ്ടു് നെടുമ്പാശ്ശേരിയിൽ യാഥാർത്ഥ്യമാക്കിയ സിയാലിന് ലീഡർ കെ.കരുണാകരൻ്റെ നാമം നൽകി ഈ നൃശംസതയിൽ നിന്ന് നമുക്ക് മുക്തി പ്രാപിക്കാം.

“നമുക്കൊന്നും തിരിച്ചു പോകാൻ ഏറെ ഇടമില്ല; ഒളിച്ചു നിൽക്കാൻ കാടുകളുമില്ല” എന്ന ലീഡറുടെ വാക്കുകൾക്ക് അർത്ഥവ്യാപ്തി വളരെ കൂടുതലാണിന്ന്.
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ എന്ന് നിസ്സങ്കോചം പറയാവുന്ന മലയാളികളുടെ ഒരേയൊരു ലീഡറുടെ വിയോഗം പ്രഥമ ദശകം പിന്നിടുന്ന പുണ്യതിഥിയിൽ ആ തിളക്കമേറുന്ന കർമ്മധീരതയ്ക്കു മുന്നിൽ ഒരായിരം സ്മരണാഞ്ജലികളർപ്പിക്കുന്നു.

Astrologer

ബദറുദ്ദീൻ ഗുരുവായൂർ,

പ്രസിഡണ്ട്, ഗാന്ധിദർശൻ സമിതി, തൃശൂർ ജില്ലാ കമ്മിറ്റി

Vadasheri Footer