​ ലാൽ വർഗീസ്​ കൽപകവാടി (70) അന്തരിച്ചു.

ആലപ്പുഴ: കിസാൻ കോൺഗ്രസ് ദേശീയ വൈസ്​ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ്​ നേതാവുമായ​ ലാൽ വർഗീസ്​ കൽപകവാടി (70) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.45ന്​ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ.പി.സി.സി അംഗമാണ്​. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർഗീസ്​ വൈദ്യന്‍റെ മകനാണ്​. വിദ്യാഭ്യാസകാലം മുതൽ പിതാവിന്‍റെ രാഷ്ട്രീയത്തിൽ നിന്ന്​ വ്യത്യസ്തമായി കോൺഗ്രസ് ചിന്താഗതിയിലേക്ക് മാറി ചിന്തിച്ചിരുന്നു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കെ.എസ്‌.യു പ്രവർത്തകനായാണ്​ രാഷ്​ട്രീയത്തിലേക്ക്​ കടന്നുവന്നത്​.ഇന്ദിരഗാന്ധിയോടും കെ. കരുണാകരനോടുമുള്ള ആരാധനയും ബന്ധവും ലാൽ വർഗീസ്​ കൽപകവാടിയെ കറകളഞ്ഞ കോൺഗ്രസുകാരനാക്കി. 1980ൽ കോൺഗ്രസിന്‍റെ കർഷക സംഘടനയായ കർഷക കോൺഗ്രസ്​ സംസ്ഥാന ട്രഷറർ ആയി. കർഷക കോൺഗ്രസിൽതന്നെ കഴിഞ്ഞ 45 വർഷമായി ഉറച്ചുനിന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ എന്ന നിലയിൽ കർഷകർക്കുവേണ്ടി പോരാട്ടം നടത്തി. ദേശീയതലത്തിൽ കോൺഗ്രസിന്‍റെ കർഷക സംഘടന രൂപവത്​കരിക്കുന്നതിന്​ അദ്ദേഹത്തെ 2016ൽ കിസാൻ കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ ആയി എ.ഐ.സി.സി നിയമിച്ചു.

ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് ഹോൾട്ടികോർപ് ചെയർമാനായി അഞ്ചുവർഷം പ്രവർത്തിച്ചു. 2021ൽ യു.ഡി.എഫ്​ സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. പ്രേംനസീർ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വർഗീസ് വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ കൽപകവാടി കരുവാറ്റ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട്​ നാലിന്​.